എൽഡിഎഫിന്റെ 'പിടലിക്ക് ഇടേണ്ട'; സോളാർ കേസിലെ ഗൂഢാലോചന യുഡിഎഫിനിടയിലെ പടലപ്പിണക്കങ്ങളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാർ കേസിലെ ലൈംഗികാതിക്രമ ഗൂഢാലോചന എൽഡിഎഫിന്റെ 'പിടലിക്ക് ഇടേണ്ട' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് യുഡിഎഫിലെ പടലപ്പിണക്കങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മന്ത്രിസഭാ പുനഃസംഘടനയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോളാർ ആരോപണം ഉയർന്നുവന്നപ്പോൾ അന്നത്തെ പ്രതിപക്ഷം എന്ന നിലയിൽ ഞങ്ങൾ അത് ഉയർത്തി. ഗൂഢാലോചനാ ആരോപണത്തിൽ കേസ് എടുക്കണമോ വേണ്ടയോ എന്നതിൽ കോൺഗ്രസിൽ തന്നെ തർക്കമുണ്ടെന്നും അവർ ആവശ്യപ്പെട്ടാൽ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില സ്ഥാനങ്ങൾക്ക് വേണ്ടി സോളാർ ഗൂഢാലോചന ഉയർത്തിക്കൊണ്ട് വന്നത് കോൺഗ്രസ് ആണെന്ന് ചിലർ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. സോളാർ കേസ് വീണ്ടും ചർച്ച ആയാൽ പ്രശ്നം ഉമ്മൻ ചാണ്ടിക്ക് ആണ്.

നിലവിൽ മന്ത്രിസഭാ പുനഃസംഘടന എൽഡിഎഫിൽ ചർച്ചാവിഷയമേയല്ലെന്നും ആർക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു തീരുമാനം എടുത്താൽ നടപ്പാക്കാൻ കെൽപ്പുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.