ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : വയോധികൻ അറസ്റ്റിൽ
May 20, 2023, 08:51 IST

ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഫീസ് അസിസ്റ്റന്റായി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി അറസ്റ്റിൽ. ആര്യാട് പഞ്ചായത്ത് ഏഴാം വാർഡ് ചിറ്റേഴത്ത് വീട്ടിൽ ജയപ്രകാശി (ജയപ്പൻ-63) നെയാണ് ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. പല സ്ഥാപനങ്ങളിലും ജോലി വാങ്ങി നൽകാമെന്നു പറഞ്ഞ് പണം വാങ്ങി കബളിപ്പിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്ന് പൊലീസ് പറഞ്ഞു.
തോണ്ടൻകുളങ്ങര, കോമളപുരം സ്വദേശികളായ നാലുപേരിൽ നിന്ന് 11.50 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്. നിരവധിപ്പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. സമാന രീതിയിൽ ആലപ്പുഴ ജില്ലയിലും സമീപ ജില്ലകളിലും നിരവധി തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.