Times Kerala

 വികസന പാതയിൽ കുന്നംകുളം ഗവ.പോളിടെക്നിക് കോളേജ്

 
 വികസന പാതയിൽ കുന്നംകുളം ഗവ.പോളിടെക്നിക് കോളേജ്
 

 

കുന്നംകുളം ഗവ. പോളിടെക്നിക് കോളേജിൽ 9 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. വിദ്യാർത്ഥികൾക്ക് വായനയുടെ പുതിയ ലോകം സമ്മാനിക്കാൻ ഹൈടെക് ലൈബ്രറിയും കോളേജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുമാണ് നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. എ സി മൊയ്തീൻ എംഎൽഎ മന്ത്രിയായിരിക്കേ നടത്തിയ പ്രവർത്തനഫലമായാണ് പദ്ധതികൾക്കാവശ്യമായ ഫണ്ട് ലഭ്യമായത്. 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ 2018 - 19 വർഷത്തെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ച് കോടി രൂപ വിനിയോഗിച്ചാണ്  ഗവ. പോളിടെക്നിക് കോളേജിൽ വിശാലമായ വായനാശാലയൊരുക്കിയത്.വിദ്യാലയത്തിലെ പഴയ ക്ലാസ് മുറിയിൽ പരിമിത സൗകര്യത്തിലാണ് വായനാമുറി പ്രവർത്തിച്ചിരുന്നത്. പുതിയ ലൈബ്രറി ബ്ലോക്കിൽ ഡിജിറ്റൽ സൗകര്യം കൂടി ഒരുക്കുന്നതോടെ വായനയെ കൂടുതൽ സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. 

1202 ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ ഇരു നിലകളിലായായാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. വിദ്യാർത്ഥികളുടെ കാലങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് നിര്‍മ്മാണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്.

കോളേജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും വലിയൊരു മുതൽക്കൂട്ടാണ്. നാല് കോടി രൂപ വിനിയോഗിച്ച്  ഇരു നിലകളിലായാണ് മനോഹരവും വിശാലവുമായ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്  പണിതുയർത്തിയത്. താഴത്തെ നിലയിൽ ഓഫീസ് റൂം, പ്രിൻസിപ്പാൾ റൂം,പരീക്ഷാ ഹാൾ, റെക്കോർഡ് റൂം എന്നിവയും ഒന്നാം നിലയിൽ കോൺഫ്രൻസ് ഹാൾ, പ്ലേസ്മെന്റ് സെൽ, ഗസ്റ്റ് റൂം,സ്റ്റാഫ് ഡൈനിങ്ങ് റൂം,പിടിഎസ് റൂം എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്റീരിയൽ പ്രവൃത്തികൾ പൂർത്തീകരിച്ച് ലൈബ്രറിയും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉടൻ  തുറന്ന് നൽകാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്ന് അധികൃതർ പറഞ്ഞു.

Related Topics

Share this story