Times Kerala

 കുടുംബശ്രീ സമാനതകളില്ലാത്ത സ്ത്രീശാക്തീകരണത്തിന്റെ ഉദാഹരണം: ഡോ ആർ ബിന്ദു

 
r bindhu
 

ലോകത്തിന് മുൻപിൽ ഉയർത്തിപ്പിടിക്കുന്ന ഏറ്റവും തിളങ്ങുന്ന സമാനതകളില്ലാത്ത സ്ത്രീശാക്തീകരണത്തിന്റെ  ഉദാഹരണമാണ് കുടുംബശ്രീയെന്നും ഇത്രയും സ്ത്രീകൾ ഒന്നിച്ചണിനിരക്കുന്ന ഒരു പ്രസ്ഥാനം ലോകത്തില്ലെന്നും  ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ രജത ജൂബിലി വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 സ്ത്രീകളുടെ സർഗാത്മകരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് നിരവധി സർഗ്ഗവേദികൾ കുടുംബശ്രീ തുറന്നു വയ്ക്കുന്നുണ്ട്. അടുക്കളയിലെ നാല് ചുവരുകൾക്കപ്പുറം  സാമൂഹ്യപ്രവർത്തനത്തിന്റെയും തൊഴിലിന്റെയും പൊതുവായ ഇടപെടലിന്റെയും  മേഖലകളിലേക്ക് കടന്നുവരുന്നതിന്  കുടുംബശ്രീ വഴിയൊരുക്കി. സ്ത്രീകളുടെ അവകാശങ്ങൾ ലഭിക്കാനും അംഗീകാരം ഉണ്ടാക്കാനും കുടുംബശ്രീയിലൂടെ സാധിച്ചു. ദാരിദ്ര്യ ലഘൂകരണത്തിനു വേണ്ടിയാണ് കുടുംബശ്രീ നിലകൊള്ളുന്നത്. കുടുംബശ്രീ നാടിന്റെ വികസനത്തിന് വലിയ രീതിയിൽ സംഭാവന ചെയ്യുന്നവരാണ് എന്ന് മന്ത്രി പറഞ്ഞു.

 25 വർഷക്കാലത്തെ അർത്ഥപൂർണ്ണമായ ജൈത്ര യാത്രയുടെ ഭാഗമായി കുടുംബശ്രീ വലിയൊരു വിപ്ലവം തന്നെയാണ് സമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ളത്.  സ്ത്രീകളുടെ സാമൂഹ്യമായ ദൃശ്യതയും സാന്നിധ്യവും ആത്മബോധവും ആത്മവിശ്വാസവും വലിയ രീതിയിൽ കുടുംബശ്രീ വർദ്ധിപ്പിച്ചു. ഉൽപാദനപരമായ തൊഴിൽ സംരംഭങ്ങളിലേക്ക് സ്ത്രീകളെ കൈപിടിച്ച് കൊണ്ടുപോകാനും കുടുംബശ്രീയിലൂടെ സാധിച്ചു. സാമ്പത്തിക സ്വയം പര്യാപ്തത എന്നത് സ്ത്രീപുരുഷ തുല്യതയുടെ ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധിയാണ്. കുടുംബശ്രീയിലൂടെ ഒരുപാട്  കുടുംബങ്ങൾക്ക് അത്താണിയാവും വിധം സാമ്പത്തിക സ്വയംപര്യാപ്ത കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 ഉദ്ഘാടനത്തോടനുബന്ധിച്ച് സി ഡി എസ് പ്രവർത്തകർ മെഗാതിരുവാതിര അവതരിപ്പിച്ചു. ചടങ്ങിൽ പൂമംഗലം കുടുംബാംഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുത്ത മെഡിക്കൽ ഓഫീസർ ഡോ. ദേവിയെയും ടീം അംഗങ്ങളെയും മന്ത്രി ആദരിച്ചു. ക്ഷയരോഗ നിയന്ത്രണ പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് കൊടുങ്ങല്ലൂർ ടിബി യൂണിറ്റിലെ ചാന്ദിനി സുദർശനെയും പഞ്ചായത്തിലെ മികച്ച സംരംഭക സരിത വിനോദ് കുമാറിനെയും പൂമംഗലം ശാന്തിതീരം ക്രിമറ്റോറിയം ഓപ്പറേറ്റർ ബിന്ദു ശിവദാസനെയും മന്ത്രി ചടങ്ങിൽ ആദരിച്ചു.

പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് തമ്പി  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പൂമംഗലം സി ഡി എസ് ചെയർപേഴ്സൺ അഞ്ജു രാജേഷ്, പൂമംഗലം വൈസ് പ്രസിഡന്റ് കവിത സുരേഷ്, ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത്, പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഹൃദ്യ അജീഷ്, സന്തോഷ് ടി എ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ ജയരാജ്‌ കെ എൻ, ലതാ വിജയൻ, ജൂലി ജോയ്, സുനിൽ കുമാർ പട്ടിലപ്പുറം, പി ഗോപിനാഥ്‌, പി വി ഷാബു, സി ഡി എസ് വൈസ് ചെയർപേഴ്സൺ സിനി സാജു തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story