കെ.എസ്.ഇ.ബി ഓഫിസില്‍ ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കം; അസി. എക്സി. എന്‍ജിനീയറുടെ കാറിനു നേരെ ആക്രമണം

ഇരിങ്ങാലക്കുട: കെ.എസ്.ഇ.ബി ഓഫിസില്‍ ഓവര്‍സിയര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ കാറിനു നേരെ ആക്രമണം. വെള്ളിയാഴ്ച രാത്രി ഏഴോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപം കെ.എസ്.ഇ.ബി ഓഫിസിനു മുന്നിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഡിവിഷനിലെ ഓവർസിയര്‍ കോലഴി സ്വദേശി പട്ടത്ത് വീട്ടില്‍ ജയപ്രകാശിനെ (54) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഈ ഓഫിസിലെ ഓവർസിയര്‍മാരായ ജയപ്രകാശും സലീലും തമ്മിലാണ് വാക്കുതര്‍ക്കമുണ്ടായത്. ഏറെ നേരം നീണ്ട വാക്കുതര്‍ക്കം മറ്റു ജീവനക്കാല്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. ഇതിനിടെ കരുവന്നൂര്‍ സബ് ഡിവിഷണല്‍ ഓഫിസിലെ അസി. എസ്കിക്യുട്ടീവ് എന്‍ജിനീയര്‍ എം.എസ്. ഷാജു ഓഫിസ് ആവശ്യവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയിരുന്നു. ഷാജുവിന്റെ കാറും ഓവർസിയറായ സലീലിന്റെ കാറും സാമ്യമുള്ളതായിരുന്നു. ഷാജു ഓഫിസില്‍ നിന്ന് മടങ്ങാന്‍ കാറില്‍ കയറിയ സമയം ഓവർസിയറായ ജയപ്രകാശ് ഉച്ചത്തില്‍ ബഹളം വച്ച് മരക്കൊമ്പുകള്‍ വെട്ടുന്ന വടിവാള്‍ ഉപയോഗിച്ച് കാറില്‍ വെട്ടുകയും കാറിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകരുകയുമായിരുന്നു. സലീലാണ് കാറിലുള്ളതെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം നടത്തിയത്. ഏറെ നേരം ബഹളം വച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ജയപ്രകാശിനെ നാട്ടുകാര്‍ ഗേറ്റ് പൂട്ടി തടഞ്ഞ് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.