'പ്രാദേശിക വിഷയം, ഞാൻ അറിഞ്ഞിട്ടില്ല, തിരുവനന്തപുരത്ത് വച്ച് തീരുമാനിക്കും': KS ശബരീനാഥൻ്റെ സ്ഥാനാർത്ഥിത്വത്തിൽ KPCC പ്രസിഡൻ്റ് | KPCC

തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം ഉറപ്പിക്കാൻ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കാരണമാകും
KPCC President Sunny Joseph on KS Sabarinathan's candidacy
Published on

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകളോട് പ്രതികരിച്ച് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. കെ.എസ്. ശബരീനാഥൻ കോർപ്പറേഷനിൽ മത്സരിക്കുന്ന വിഷയത്തിൽ താൻ അറിഞ്ഞിട്ടില്ലെന്നും, ഇത്തരം കാര്യങ്ങൾ പ്രാദേശികമായി പരിഗണിക്കുന്നതിനാൽ തിരുവനന്തപുരത്ത് വെച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(KPCC President Sunny Joseph on KS Sabarinathan's candidacy)

സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്കെതിരെയും പ്രഖ്യാപനങ്ങൾക്കെതിരെയും സണ്ണി ജോസഫ് രൂക്ഷമായ വിമർശനം ഉന്നയിച്ചു. 'അതിദരിദ്രരില്ലാത്ത കേരളം' പ്രഖ്യാപനം: സർക്കാരിന്റെ ഈ പ്രഖ്യാപനം തിരഞ്ഞെടുപ്പ് കുതന്ത്രമാണ്. നിലവിൽ ജനങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ കൂടി ഇല്ലാതാക്കാൻ ഇത് കാരണമാകും. "എൽ.ഡി.എഫിന്റെ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കിയെ മാറ്റി" എന്നാണ് അദ്ദേഹം പറഞ്ഞത്.

സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും ബഹുജന സംഘടനകൾക്കൊപ്പം പ്രതിഷേധത്തിൽ അണിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രമുഖരെ മത്സരിപ്പിക്കാനുള്ള മുന്നണികളുടെ നീക്കങ്ങൾക്കിടെയാണ് സണ്ണി ജോസഫിന്റെ പ്രതികരണം. എ.ഐ.സി.സിയുടെ നിർദ്ദേശപ്രകാരമാണ് മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്.

കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിലായിരിക്കും സ്ഥാനാർത്ഥിയാവുക. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് കവടിയാർ വാർഡ് തിരഞ്ഞെടുത്തത്. ഇന്നലെ ഡി.സി.സി. കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

എസ്.പി. ദീപക്, എസ്.എ. സുന്ദർ, വഞ്ചിയൂർ ബാബു തുടങ്ങിയ പ്രമുഖരെ സി.പി.എം. സ്ഥാനാർത്ഥി നിരയിൽ അണിനിരത്താൻ സാധ്യതയുണ്ട്. വി.വി. രാജേഷ്, കരമന അജിത് അടക്കമുള്ള മുതിർന്ന നേതാക്കളെയാണ് ബി.ജെ.പി. കളത്തിലിറക്കാൻ ഒരുങ്ങുന്നത്. തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരം ഉറപ്പിക്കാൻ ഈ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കാരണമാകും.

Related Stories

No stories found.
Times Kerala
timeskerala.com