ഏത് കാലാവസ്ഥയേയും അതിജീവിക്കുന്ന കരുത്തുറ്റ റോഡുകൾ നിർമിക്കാനുള്ള ആശയവുമായി കെ എച്ച് ആർ ഐ
Nov 17, 2023, 21:48 IST

തിരുവനന്തപുരം: ഏത് കാലാവസ്ഥയേയും അതിജീവിക്കുന്ന കരുത്തുറ്റ റോഡുകൾ നിർമിക്കാൻ പുത്തൻ നിർമാണ വിദ്യയുമായി പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (കെഎച്ച്ആര്‍ഐ). മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരം നടത്തിയ പഠനത്തിലാണ് സംസ്ഥാനത്തെ റോഡുകൾക്കായി പുതിയ നിർമാണവിദ്യ കമ്പനി അവതരിപ്പിച്ചത്. കേരളത്തിലെ പാറകളില്‍ സിലിക്കയുടെ അതിപ്രസരമുണ്ടെന്നും ഇത് പാറകളുടെ അമ്ല സ്വഭാവം കൂട്ടുമെന്നും പഠനം കണ്ടെത്തി. റോഡ് നിർമാണത്തിനുപയോഗിക്കുന്ന മെറ്റലിലെ അമ്ല സാന്നിധ്യം കാരണം മെറ്റലുമായി ചേർക്കുന്ന ബിറ്റുമിനസ് മിശ്രിതത്തെക്കാൾ ആകർഷണം വെള്ളത്തോട് ഉണ്ടാകുന്നു. അത് കൂടുതൽ ഈര്‍പ്പം തങ്ങിനില്‍ക്കാനും അതുവഴി റോഡ് തകരാനും കാരണമാകും.