മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മധ്യപ്രദേശ് സർവകലാശാല

ഭോപാൽ: മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശവുമായി മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി(ഐജിഎന്ടിയു).
അമർകാന്തകിലെ കാമ്പസിൽ പ്രവേശിക്കണമെങ്കിൽ മലയാളി വിദ്യാർഥികൾ നിപ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. സർവകലാശാലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കുന്ന യുജി, പിജി പ്രവേശനത്തിനുള്ള ഓപ്പൺ കൗൺസിലിംഗിനായി കേരളത്തിൽ നിന്ന് എത്തിയവർക്കുൾപ്പെടെ ഈ ഉത്തരവ് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്.

അതേസമയം, വിദ്യാർഥികളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡോ വി. ശിവദാസൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. നിപ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ പരിമിതമാണെന്നും നെഗറ്റീവ് സർട്ടിഫിക്കറ്റ് വിദ്യാർഥികൾക്ക് വേഗം ലഭിക്കില്ലെന്നും ശിവദാസൻ കേന്ദ്രത്തെ അറിയിച്ചു.