ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണം -മന്ത്രി ആര്‍ ബിന്ദു

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണം -മന്ത്രി ആര്‍ ബിന്ദു
Published on

എല്ലാവരും ഒറ്റക്കെട്ടായിനിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ഉള്‍ക്കൊള്ളുന്ന സമൂഹമായി കേരളത്തെ മാറ്റണമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 21, 22, 23 തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന 'വര്‍ണപ്പകിട്ട്' ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവത്തിന്റെ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പരാതികളില്ലാതെ കലോത്സവം നടത്താന്‍ കൂട്ടായ പ്രവര്‍ത്തനം വേണമെന്നും അവര്‍ പറഞ്ഞു. കലോത്സവ മാനുവലിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എല്ലാവരെയും ചേര്‍ത്തുപിടിക്കുന്ന കോഴിക്കോട് ജനകീയ പിന്തുണയോടെയും വന്‍ പങ്കാളിത്തത്തോടെയും പരിപാടി നടത്തുമെന്ന് മേയര്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ മറ്റു സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും മറ്റും ഉള്‍പ്പെടുത്തിയുള്ള ദേശീയ സമ്മേളനം വര്‍ണപ്പകിട്ടിലെ മുഖ്യ പരിപാടികളിലൊന്നായി 21ന് നടക്കും. ട്രാന്‍സ്‌ജെന്‍ഡര്‍/ക്വിയര്‍ സംബന്ധിയായ വിവിധ വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവലും അന്ന് നടക്കും. 22, 23 തീയതികളില്‍ കലാപരിപാടികള്‍ അരങ്ങേറും.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചസിബിഒ/എന്‍ജിഒകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിച്ചു നടപ്പാക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം നല്‍കും.

സ്റ്റേജിനത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്നവരെ 'കലാരത്‌നം' ആയും സ്റ്റേജിതരയിനത്തില്‍ കൂടുതല്‍ പോയിന്റ് ലഭിക്കുന്നവരെ 'സര്‍ഗപ്രതിഭ' ആയും തെരഞ്ഞെടുക്കും. ഗ്രൂപ്പ്, വ്യക്തിഗതയിനങ്ങളില്‍ എ ഗ്രേഡ് നേടുന്ന ടീമിനും വ്യക്തിക്കും ക്യാഷ് പ്രൈസും നല്‍കും. കലോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് 21ന് വൈകീട്ട് വര്‍ണാഭമായ ഘോഷയാത്ര നടക്കും. ഫ്‌ളാഷ് മോബ് ഉള്‍പ്പെടെ അനുബന്ധ പരിപാടികളും ഒരുക്കുന്നുണ്ട്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, അസി. ഡയറക്ടര്‍ ഷീബ മുംതാസ്, സാമൂഹികനീതി ഓഫീസര്‍ എം അഞ്ജു,

സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ ബോര്‍ഡ് അംഗം നേഹ, ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ അനുരാധ, അനാമിക, നഗ്മ സുസ്മി, ടി ജി സെല്‍ പ്രോജക്ട് ഓഫീസര്‍ ശ്യാമപ്രഭ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com