തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ഒടുവിൽ കേന്ദ്രസർക്കാരിന് ഔദ്യോഗികമായി കത്തയച്ചു. രണ്ടാഴ്ച മുമ്പ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തെങ്കിലും 13 ദിവസത്തെ കാലതാമസത്തിന് ശേഷമാണ് ഇന്ന് ഉച്ചയോടെ കേന്ദ്രത്തിന് കത്ത് നൽകിയത്.(Kerala finally sends letter to Centre regarding PM SHRI scheme after political pressure)
കത്ത് അയക്കുന്നത് വൈകുന്നതിൽ സി.പി.ഐ. കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കത്ത് വൈകുന്നതിലുള്ള അതൃപ്തി അറിയിക്കാൻ സി.പി.ഐ. മന്ത്രിമാർ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു.
കത്ത് വൈകുന്നതിനെതിരെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പരസ്യമായി രംഗത്തെത്തിയിരുന്നു. സി.പി.ഐ.യുടെ ശക്തമായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊടുവിൽ, കത്തിന്റെ കരട് സി.പി.ഐ. മന്ത്രിമാരെ കാണിച്ച ശേഷം ഇപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അയച്ചിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പി.എം. ശ്രീ പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ നിലപാട് വാക്കാൽ അറിയിച്ചിരുന്നെങ്കിലും, രേഖാമൂലം കത്ത് നൽകുന്നത് നീണ്ടുപോവുകയായിരുന്നു.