തിരുവനന്തപുരം: ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന്റെ ധാർമിക ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജിവെച്ച ചരിത്രം ചൂണ്ടിക്കാട്ടി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(KC Venugopal demands Amit Shah's resignation over Delhi blast )
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കോൺഗ്രസ് നടത്തിയ ആശാൻ സ്ക്വയറിൽ നിന്നുള്ള മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട എസ്.ഐ.ടി. അന്വേഷണത്തിന്റെ നിഷ്പക്ഷതയിൽ വേണുഗോപാൽ സംശയം പ്രകടിപ്പിച്ചു.
ഹൈക്കോടതി ചൂണ്ടിക്കാണിച്ചില്ലായിരുന്നുവെങ്കിൽ സ്വർണക്കൊള്ള സമൂഹത്തിന് മുന്നിലേക്ക് വരുമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു. ഹൈക്കോടതിക്ക് അദ്ദേഹം ബിഗ് സല്യൂട്ട് നൽകി. ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണെങ്കിലും, എസ്.ഐ.ടി.യുടെ കൈപ്പിടിച്ച് കെട്ടാനും പല 'ഡീലുകൾ' നടക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് സർക്കാർ ദേവസ്വം ബോർഡിനെ മറയാക്കിയത്. "സ്വർണ്ണമല്ല, വിശ്വാസത്തെയാണ് കട്ടുമുടിച്ചത്," അദ്ദേഹം പറഞ്ഞു. "പിണറായി പറയാതെ അനങ്ങാൻ പറ്റുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു. കമ്മീഷൻ ഉണ്ടാക്കാൻ വേണ്ടി മറ്റ് ബോർഡുകളെ മാറ്റുന്നതുപോലെ ദേവസ്വം ബോർഡിനെ മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എന്തുകൊണ്ടാണ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡിനെ പിരിച്ചുവിട്ടത്?" എന്നും വേണുഗോപാൽ ചോദ്യമുയർത്തി. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും കെ.സി. വേണുഗോപാൽ രൂക്ഷ വിമർശനം ഉന്നയിച്ചു. ബീഹാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു 'കോംപ്രമൈസ് കമ്മീഷൻ' ആണെന്ന് അദ്ദേഹം ആരോപിച്ചു. എക്സിറ്റ് പോളുകളിൽ വിശ്വാസമില്ലെന്ന് പറഞ്ഞ അദ്ദേഹം, വോട്ടെടുപ്പ് കണക്കുകൾ കമ്മീഷൻ മൂടിവെക്കുകയാണെന്നും ആരോപിച്ചു.