കാട്ടാന പന മറിച്ചിട്ട് വൈദ്യുതി തൂണുകള്‍ തകർത്തു
Sat, 18 Mar 2023

അലനല്ലൂർ: കാട്ടാന പന മറിച്ചിട്ട് വൈദ്യുതി തൂണുകള്‍ തകർത്തു. വ്യാഴാഴ്ച രാത്രി 11ന് കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട് പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. വനഭാഗത്തുനിന്ന ഈറന്പനയാണ് കാട്ടാന തള്ളിയിട്ടത്. ഇത് വൈദ്യുതി ലൈനിൽ പതിക്കുകയും ഏഴ് തൂണുകള്‍ തകരുകയും ചെയ്തു. വേങ്ങ – കണ്ടമംഗലം റോഡില്‍ ഗതാഗതവും തടസ്സപ്പെട്ടു. കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ ജീവനക്കാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തുടർന്ന് വൈദ്യുതി വിച്ഛേദിച്ചു. വിവരമറിഞ്ഞെത്തിയ പുറ്റാനിക്കാട് വനം ക്യാമ്പ് ഷെഡ്ഡിലെയും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിലെയും ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ പന മുറിച്ചുമാറ്റി.
പുറ്റാനിക്കാട്, കണ്ടമംഗലം ഭാഗത്ത് വൈദ്യുതി വിതരണം നിലച്ചത് ജനങ്ങളെ പ്രയാസത്തിലാക്കി. പരീക്ഷ സമയത്ത് അപ്രതീക്ഷിതമായുണ്ടായ വൈദ്യുതി തടസ്സം വിദ്യാർഥികളെയും വലച്ചു. വെള്ളിയാഴ്ച രാവിലെയോടെ കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിക്കാൻ പ്രവൃത്തി തുടങ്ങി. വൈകീട്ടോടെ വൈദ്യുതി പുനഃസ്ഥാപിച്ചു. വൈദ്യുതി തൂണുകള്‍ തകര്‍ന്നതിലൂടെ കെ.എസ്.ഇ.ബിക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.