

തിരുവനന്തപുരം: ലൈംഗിക ആരോപണത്തിന്റെ പേരിൽ സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി അനുകൂലിച്ച കെ. സുധാകരന്റെ നിലപാടിനെ തള്ളി കെ. മുരളീധരൻ രംഗത്ത്. രാഹുലിന് നിലവിൽ പാർട്ടി പരിപാടികളിൽ നേതാക്കളോടൊപ്പം വേദി പങ്കിടാൻ അനുമതിയില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ സസ്പെൻഷനിലാണ്. അതിനാൽ നേതാക്കളോടൊപ്പം വേദി പങ്കിടാൻ രാഹുലിന് അനുമതിയില്ല.(K Muraleedharan rejects K Sudhakaran's opinion in Rahul Mamkootathil controversy)
കെ. സുധാകരന്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും മുരളീധരൻ പ്രതികരിച്ചു. "പെൺകുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവിൽ ചാനലിലെ ശബ്ദം മാത്രമേയുള്ളൂ. പെൺകുട്ടി മുന്നോട്ട് വന്നാൽ പൊതുസമൂഹം പിന്തുണ നൽകും," അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും ആരൊക്കെ പ്രചാരണത്തിന് ഇറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർത്ഥികളാണ് തീരുമാനിക്കുക എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മുതിർന്ന കോൺഗ്രസ് നേതാവായ കെ. സുധാകരൻ ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയത്. രാഹുൽ നിരപരാധിയാണെന്നും അദ്ദേഹത്തെ അവിശ്വസിച്ചത് തെറ്റായിപ്പോയെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. രാഹുൽ സജീവമാകണമെന്ന് ആവശ്യപ്പെട്ട സുധാകരൻ, താൻ രാഹുലുമായി വേദി പങ്കിടുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രമേ മുന്നോട്ട് പോകാനാവൂ എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെൺകുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചിട്ടില്ല. പുതിയ ശബ്ദരേഖകൾ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടും കെ. മുരളീധരൻ പ്രതികരിച്ചു. തന്ത്രിമാർ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും, തന്ത്രിമാരെ ചാരി യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.