ഓഡിയോ ക്ലിപ്പ് വിവാദത്തിൽ പ്രതികരണവുമായി ജെയ്ക് സി തോമസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാണുന്നതിനായി ബംഗളൂരുവില്‍ എത്തിയ തന്നെയും എംഎം ഹസനെയും ബെന്നി ബെഹനാനെയും കാണാന്‍, അദ്ദേഹത്തിന്റെ കുടുംബം അനുവദിച്ചില്ലെന്ന മുന്‍ മന്ത്രി കെസി ജോസഫിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്ന സംഭവത്തിൽ പ്രതികരണവുമായി പുതുപ്പള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് കോണ്‍ഗ്രസ് തന്നെയാണെന്ന് ജെയ്ക് സി തോമസ് പറഞ്ഞു.

‘വിഷയത്തെക്കുറിച്ച് അച്ചു ഉമ്മനോട് മറ്റൊരു നേതാവ് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. അത് നമ്മുടെ വിജയന്‍ പറ്റിച്ച പണിയാണ് എന്നാണ് പറയുന്നത്. ആരാണ് ആ വിജയന്‍? അത് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണോ? കോട്ടയം ജില്ലയിലുള്ള പഞ്ചായത്ത് പ്രസിഡന്റ് പദവിയിലൊക്കെ ഇരുന്ന കോണ്‍ഗ്രസ് നേതാവ് വിജയ കുമാര്‍ ആണ് ആ വിജയന്‍. ഓഡിയോ ക്ലിപ്പ് വിവാദം കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രചാരണമാണ്,’ ജെയ്ക് സി തോമസ് വ്യക്തമാക്കി.