നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും ഭാവിയും ചര്‍ച്ച ചെയ്ത് ഇക്‌സെറ്റ് 2023 ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ്

ഇന്‍ഫോപാര്‍ക്കുമായി സഹകരിച്ച് സംഘടിപ്പിച്ച ഐ.സി.ടി അക്കാദമി ഓഫ് കേരളയുടെ വാര്‍ഷിക പരിപാടിയായ 'ഇക്‌സെറ്റ്' (ഇക്‌സെറ്റ് ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ സ്‌കില്‍സ്, എഞ്ചിനിയറിംഗ് ആന്റ് ടെക്‌നോളജി) നിര്‍മ്മിത ബുദ്ധിയുടെ ഭാവിയും സാധ്യതകളും ചര്‍ച്ച ചെയ്തു. അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ഉന്നത വിദ്യാഭ്യസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.

കേരളം ഒരു വിജ്ഞാന സമൂഹമായി പരിവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് അക്കാദമിക് രംഗത്ത് വിപ്ലവകരമായ പഠനങ്ങളും സെഷനുകളും കോണ്‍ക്ലേവുകളും നടക്കുന്നതെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. ടെക്‌നോളജി രംഗത്തെ ഏറ്റവും പുതിയ ടൂളാണ് എ.ഐ അതില്‍ വരുന്ന പുതിയ പുരോഗമനവും സാധ്യതകളും ചര്‍ച്ച ചെയ്യാന്‍ അക്കാദമിക് രംഗത്ത് നടത്തുന്ന ഇത്തരം പരിപാടികള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഐ.ടി രംഗത്തിനും വലിയ മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു.
വ്യവസായിക ലോകവും അക്കാദമിക് മേഖലയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും പുതിയ വ്യവസായിക പ്രവണതകളെ അക്കാദമിക് ലോകത്തിന് പരിചയപ്പെടുത്തുകയും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി ഭരണനിര്‍വഹണം, ആരോഗ്യം, കൃഷി, വ്യവസായം, വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ തൊഴില്‍ മേഖലകളില്‍ എ.ഐ സാധ്യമാക്കാനിടയുള്ള പുതിയ തൊഴില്‍ അവസരങ്ങളും മാറ്റങ്ങളും ഒപ്പം അത് സൃഷ്ടിച്ചേക്കാവുന്ന ലീഗല്‍ - എത്തിക്കല്‍ പ്രശ്‌നങ്ങളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജാഗ്രത്താക്കുക എന്ന ഉദ്ദേശത്തിലാണ് നടത്തിയത്. ദേശീയ-അന്തര്‍ദേശീയ രംഗത്തെ പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സജി ഗോപിനാഥ് ചടങ്ങില്‍ അധ്യക്ഷനായി. ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, അക്കാബസ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് ജി.എം അജയ് മാത്തൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഇ.വൈ ഗ്ലോബല്‍ ടാലന്റ് ലീഡര്‍ ശ്രീകാന്ത് കെ.എ 'എ.ഐ ഗൈറേഷന്‍: എമ്പറേസ് ദ പവര്‍ ഓഫ് ഇന്റലിജന്റ് ഓട്ടമേഷന്‍ എന്ന വിഷയത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഉദ്ഘാടന സെഷന് ഐ.സി.ടി അക്കാദമി സി.ഇ.ഒ സന്തോഷ് കുറുപ്പ് സ്വാഗതവും ഐ.സി.ടി അക്കാദമി അക്കാദമിക് ഒ.യു ദീപ വി.ടി നന്ദിയും പറഞ്ഞു.
എ.ഐയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെയും അതിന്റെ സ്വാധീനത്തെയും കുറിച്ച് ഹൃസ്വ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും നടന്നു. അനു കുമാരി ഐ.എ.എസ് (ഡയറക്ടര്‍, കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍), സി. ബാലഗോപാല്‍, ചെയര്‍മാന്‍, ഫെഡറല്‍ ബാങ്ക്, ദീപ സരോജമ്മാള്‍ (സി.ഇ.ഒ, റിഫ്‌ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്), ലത രാജ് (പ്രോഗ്രാം ഡയറക്ടര്‍, ഐ.ബി.എം), സബ കരീം (ഇന്ത്യ ഹെഡ്, പബ്ലിക് സെക്ടര്‍, ലിങ്ക്ഡ് ഇന്‍), അലക്സ് ജെയിംസ് (അക്കാദമിക് ഡീന്‍, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള), അനൂപ് പി. അംബിക (സി.ഇ.ഒ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍), ബാരി മാത്യൂസ് (സി.ഇ.ഒ, ഓപ്പണ്‍ അസംബ്ലി), പി.വി ഉണ്ണികൃഷ്ണന്‍ (മെമ്പര്‍ സെക്രട്ടറി, കെ-ഡിസ്‌ക്), സജിന സത്താര്‍ (അസിസ്റ്റന്റ് ഡയറക്ടര്‍, എല്‍.എസ്.ജി.ഡി, കേരള സര്‍ക്കാര്‍) തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു.
സമാന്തര സെഷനുകള്‍
ഗൂഗിളിന്റെയും ഐ.ബി.എംന്റെയും നിര്‍മ്മിത ബുദ്ധി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന വര്‍ക്ക്ഷോപ്പുകള്‍ ഇക്‌സെറ്റ്‌ന്റെ പ്രധാന ആകര്‍ഷണമായി. നിര്‍മ്മിത ബുദ്ധിയുടെ മേഖലകളില്‍ നടക്കുന്ന പുതിയ ഗവേഷണങ്ങളെ പരിചയപ്പെടുത്തുന്ന അവതരണങ്ങള്‍, കെ-ഡിസ്‌കിന്റെ യങ്ങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമില്‍ നിന്നുള്ള മികച്ച പ്രോജക്റ്റുകള്‍, ടെക്കാത്ലോണ്‍ ഫൈനല്‍ പ്രദര്‍ശനങ്ങള്‍ എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായി നടന്നു.