കണ്ണൂർ: കെ-റെയിൽ പദ്ധതിയിൽ ഇനി പ്രതീക്ഷ വെച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനർഥം പദ്ധതി ഉപേക്ഷിക്കുന്നു എന്നല്ല, മറിച്ച് വേറെ വഴി നോക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദ പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.(It seems that there is no point in pinning our hopes on the K-Rail project anymore, says CM)
നാടിന്റെ വികസനത്തിന് സഹായകമായ പദ്ധതിയായിരുന്നിട്ടും റെയിൽ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. വേഗം അനുമതി ലഭിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടുകൾ കാരണമാണ് അനുമതി ലഭിക്കാതെ പോയതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നതെന്നും എൽ.ഡി.എഫ്. കൂടുതൽ കരുത്തോടെ അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടക്കുന്ന സംസ്ഥാനമാണ് കേരളം. 2016-ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ 52,648 കോടി രൂപ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടായി നൽകി. 2021-ന് ശേഷം അത് 70,526 കോടി രൂപയായി വർദ്ധിച്ചു. 2011 മുതൽ 2016 വരെ യു.ഡി.എഫ്. നൽകിയത് 29,500 കോടി രൂപ മാത്രമാണ്.
എൽ.ഡി.എഫ്. അധികാര വികേന്ദ്രീകരണം ശക്തിപ്പെടുത്താൻ നിലപാടെടുത്തപ്പോൾ യു.ഡി.എഫ്. പിന്നോട്ട് പോകുന്ന സമീപനമാണ് സ്വീകരിച്ചത്. എൽ.ഡി.എഫ്. വീൺവാക്ക് പറയാറില്ല. നടപ്പാക്കാറുള്ള കാര്യങ്ങളേ പറയാറുള്ളൂ. കേരളം എൽ.ഡി.എഫിന് കൂടുതൽ കരുത്ത് പകരുന്ന വിധിയാണ് നൽകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ട്. അന്വേഷണ സമിതി വേണ്ടെന്ന് ആദ്യം പറഞ്ഞ യു.ഡി.എഫ്. തന്നെ ഇപ്പോൾ അന്വേഷണം മികച്ച രീതിയിലെന്ന് പറയുന്നു. പ്രതികൾക്കെതിരെ ആവശ്യമായ ഘട്ടത്തിൽ ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കും. അക്കാര്യത്തിൽ കൂടുതൽ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.