'അടൂർ പ്രകാശിൻ്റെ പ്രസ്താവനയോടെ UDF അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് വ്യക്തമായി': മന്ത്രി പി രാജീവ് | UDF

ജഡ്ജിക്കെതിരായ ആക്രമണങ്ങൾ അംഗീകരിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.
'അടൂർ പ്രകാശിൻ്റെ പ്രസ്താവനയോടെ UDF അതിജീവിതയ്ക്ക് ഒപ്പമല്ലെന്ന് വ്യക്തമായി': മന്ത്രി പി രാജീവ് | UDF
Updated on

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ദിലീപിനെ അനുകൂലിക്കുകയും സർക്കാർ അപ്പീൽ നൽകുന്നതിനെ എതിർക്കുകയും ചെയ്ത അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ നിയമ മന്ത്രി പി. രാജീവ് രംഗത്ത്. കിഴക്കമ്പലത്തെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.(It is clear that UDF is not in favor of the survivor, says Minister P Rajeev)

അടൂർ പ്രകാശിന്റെ പ്രസ്താവനയോടെ യു.ഡി.എഫ്. അതിജീവിതക്ക് ഒപ്പമല്ല എന്ന് വ്യക്തമായതായി പി. രാജീവ് പറഞ്ഞു. കേസിലെ വ്യക്തികൾ ആരെന്നത് സർക്കാരിന് പ്രധാനമല്ല. സർക്കാർ തുടക്കം മുതൽ അതിജീവിതക്കൊപ്പമാണ്. പൂർണ്ണ വിധി വന്നശേഷം കാര്യങ്ങൾ പരിശോധിച്ച് അപ്പീൽ നൽകാനാണ് സർക്കാർ തീരുമാനം. യു.ഡി.എഫിന്റെ നിലപാട് ഇപ്പോൾ അപ്പീൽ നൽകേണ്ടതില്ലെന്നതാണെന്നും അടൂർ പ്രകാശിന്റെ പ്രസ്താവനയോടെ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്വേഷണ ഘട്ടത്തിൽ സർക്കാർ യാതൊരുവിധ സമ്മർദ്ദവും അന്വേഷണ സംഘത്തിന് നൽകിയിട്ടില്ല. സ്വതന്ത്രമായാണ് പ്രതികളെ കണ്ടെത്തി കുറ്റപത്രം നൽകിയത്. നടിയെ ആക്രമിച്ചത് ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാൽ, ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി വിധി. ആറു പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത് സ്വാഗതാർഹമായ വിധിയാണ്. പല കേസുകളിലും പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. എന്നാൽ ഇവിടെ അതുണ്ടാകാത്തത് അന്വേഷണം മികച്ച രീതിയിലായതിനാലാണ്.

ജഡ്ജിക്കെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വിധിയെ വിമർശിക്കാം, പക്ഷേ വ്യക്തിപരമായ വിമർശനങ്ങൾ പാടില്ല.ഈ കേസിന് പിന്നാലെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത സർക്കാർ കാണിച്ചു. ഹേമ കമ്മിറ്റിയെ നിയോഗിച്ച് അവരുടെ ശുപാർശ നടപ്പാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചു. അതിജീവിതയുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ശക്തമായ പ്രോസിക്യൂഷനെ കേസിൽ നിയോഗിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com