സംസ്ഥാനത്ത് നാല് തുറമുഖങ്ങൾക്ക് ഐ എസ് പി എസ് അംഗീകാരം

ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം, അഴീക്കല്‍ തുറമുഖങ്ങള്‍ക്ക് ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതിന്റെ സംസ്ഥാനതല പ്രഖ്യാപനം ബേപ്പൂര്‍ തുറമുഖ പരിസരത്ത് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിച്ചു. കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ പശ്ചാത്തല വികസനം ഉറപ്പാക്കി വിദേശ കപ്പലുകൾ ഉൾപ്പെടെ സർവീസ് നടത്താൻ സാധ്യമാകും വിധം നവീകരിക്കുക എന്നത് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യമായിരുന്നു. അതിലേക്കുള്ള വലിയ കാൽവെപ്പാണ് ഐ എസ് പി എസ് അംഗീകാരത്തിലൂടെ യാഥാർത്ഥ്യമായതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ജലഗതാഗതത്തിന്റെ സർവ്വ സാധ്യതകളെയും നാടിന്റെ വികസനത്തിന് പര്യാപ്തമാക്കും എന്നത് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനമായിരുന്നു. ഇതിനായി ബഹുമുഖ വികസന പദ്ധതികളാണ് മറ്റു വകുപ്പുകളോടൊപ്പം കേരള മാരി ടൈം ബോർഡ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഈ മാസം അവസാനത്തോടെ ആദ്യ കപ്പലെത്തുമ്പോൾ രാജ്യത്തിന്റെ വലിയൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കപ്പെടുകയാണ്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് സൃഷ്ടിക്കുന്ന വികസനക്കുതിപ്പിന്റെ അലയൊലികൾ കേരളത്തിന്റെ എല്ലാ മേഖലകളിലേക്കും എത്താനിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഐഎസ്പിഎസ് സർട്ടിഫിക്കേഷന്‍ ലഭിക്കുന്നതോടുകൂടി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾ അന്താരാഷ്ട്ര തുറമുഖങ്ങളുടെ ലിസ്റ്റിൽ ഇടം പിടിക്കുകയും ഭാവിയിൽ കൂടുതൽ ചരക്കുകയറ്റുമതി നടത്താൻ സാധിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്നു ഐ.എസ്.പി.എസ് അംഗീകാരം ലഭിച്ചതോടെ സംസ്ഥാനത്തെ തുറമുഖങ്ങൾ കൂടുതൽ സജീവമാകാൻ പോകുകയാണെന്ന് മന്ത്രി പറഞ്ഞു. ബേപ്പൂർ, വിഴിഞ്ഞം, അഴീക്കൽ, കൊല്ലം തുറമുഖങ്ങൾ സംസ്ഥാനത്ത് ചരക്ക് നീക്കത്തിന്റെ കേന്ദ്രമായി മാറുന്നതോടൊപ്പം ക്രൂയിസ് ടൂറിസത്തിന്റെ ഹബ്ബുകളായി മാറുമെന്നും മന്ത്രി പറഞ്ഞു. നാല് തുറമുഖങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നതോടെ സംസ്ഥാനത്തിലാകെ വികസനങ്ങൾക്ക് കാരണമാകും. വ്യവസായ വാണിജ്യ മേഖലയുടെ പുരോഗതിക്ക് ഇതൊരു മുതൽക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. മലബാർ ആകെ ആഗ്രഹിക്കുന്ന മാറ്റമാണ് ബേപ്പൂരിന്റേത്.