രാഹുൽ മാങ്കൂട്ടത്തിലിന് വിവരങ്ങൾ ചോർന്ന് കിട്ടുന്നു ?: പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈംബ്രാഞ്ച് | Rahul Mamkootathil

കഴിഞ്ഞ ദിവസങ്ങളിലായി എംഎൽഎയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്.
Is Rahul Mamkootathil getting information ? Crime Branch appoints new investigation team
Updated on

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകി. കഴിഞ്ഞ 11 ദിവസമായി രാഹുൽ ഒളിവിലാണ്. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന സംശയമാണ് പുതിയ ടീമിനെ നിയോഗിക്കാൻ കാരണം.(Is Rahul Mamkootathil getting information ? Crime Branch appoints new investigation team)

ബെംഗളൂരുവിൽ രാഹുൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ഒരു കേസിൽ മാത്രമാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്. രണ്ടാം കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ നൽകിയ ഹർജി തിരുവനന്തപുരം ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.

ഈ കേസിൽ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. രണ്ടാം കേസിൽ പരാതിക്കാരിയുടെ മൊഴി എത്രയും വേഗം രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് പോലീസ്. രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ 11 ദിവസമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുന്നത് 'അതിവിദഗ്ധമായാണ്' എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോലീസിനെ കബളിപ്പിക്കാൻ എംഎൽഎ പല വഴികളും സ്വീകരിച്ചു.

ഓരോ പോയിന്റിലും രാഹുലിന് സഹായമെത്തിക്കാൻ നിരവധി പേരുണ്ടായിരുന്നു. യുവതി പരാതിയുമായി മുഖ്യമന്ത്രിയെ കണ്ട വ്യാഴാഴ്ച തന്നെ രാഹുൽ പാലക്കാട് നിന്ന് അതീവ രഹസ്യമായി മുങ്ങി. പരമാവധി സിസിടിവി ക്യാമറകൾ ഉള്ള റോഡുകൾ ഒഴിവാക്കിയാണ് യാത്ര ചെയ്തത്. സുഹൃത്തായ യുവനടിയുടെ ചുവന്ന പോളോ കാറിൽ പൊള്ളാച്ചി വരെ എത്തി. അവിടെ നിന്ന് മറ്റൊരു കാറിൽ കോയമ്പത്തൂരിലേക്കും തുടർന്ന് തമിഴ്നാട്-കർണാടക അതിർത്തിയിലേക്കും കടന്നു.

ബാഗല്ലൂരിലെ ഒരു റിസോർട്ടിൽ ഞായറാഴ്ച മുതൽ ഒളിവിൽ കഴിഞ്ഞെങ്കിലും, പോലീസ് എത്തുന്നു എന്നറിഞ്ഞ് രാവിലെ തന്നെ സ്ഥലം വിട്ടു. പിന്നീട് ബാഗല്ലൂരിലെ വീട്ടിലേക്ക് ഒളിയിടം മാറ്റിയെങ്കിലും വീണ്ടും പോലീസ് എത്തുന്നു എന്ന വിവരമറിഞ്ഞ് ബെംഗളൂരുവിലേക്ക് കടന്നു. ഒളിവ് ജീവിതത്തിനിടെ രാഹുൽ നിരവധി തവണ കാറുകളും മൊബൈൽ നമ്പറുകളും മാറ്റി. ഓരോ ഒളിയിടത്തിലും മണിക്കൂറുകൾ മാത്രമാണ് കഴിഞ്ഞത്.

കർണാടകയിൽ റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ള ഒരു വനിതാ അഭിഭാഷകയാണ് രാഹുലിന് സംരക്ഷണം ഒരുക്കുന്നത് എന്നാണ് വിവരം. ഇവർക്ക് പോലീസിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ചോർത്തി നൽകുന്നുവെന്നാണ് അന്വേഷണ സംഘം കരുതുന്നത്. തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ രാഹുൽ കീഴടങ്ങുമെന്നായിരുന്നു പോലീസിന്റെ ആദ്യ കണക്കുകൂട്ടൽ. ജാമ്യാപേക്ഷയിൽ തീരുമാനം വന്നതോടെ രാഹുലിന്റെ മൊബൈൽ ഫോണുകൾ വീണ്ടും ഓണായി.

രാഹുൽ കീഴടങ്ങില്ലെന്ന് ഉറപ്പായതോടെ അന്വേഷണ സംഘം എംഎൽഎയുടെ ഓഫീസിലെ രണ്ട് അംഗങ്ങളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഹൈക്കോടതി അറസ്റ്റ് താത്കാലികമായി തടഞ്ഞത് എംഎൽഎയുടെ ഓഫീസിലെ ജീവനക്കാർക്ക് ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി എംഎൽഎയുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. കോൺഗ്രസ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയ രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരുമോ, അതോ ധാർമികത ഉയർത്തിപ്പിടിച്ച് രാജിവെക്കുമോ എന്ന ചർച്ചകൾ സജീവമാണ്.

Related Stories

No stories found.
Times Kerala
timeskerala.com