മുനമ്പം ഭൂസമരം അവസാനിക്കുന്നു?: ഇന്ന് സമരസമിതി കോർ കമ്മിറ്റി യോഗം | Munambam

ഇന്നലെ രാത്രി ചേരേണ്ടിയിരുന്ന യോഗം ഇന്നത്തേക്ക് മാറ്റിവച്ചു
മുനമ്പം ഭൂസമരം അവസാനിക്കുന്നു?: ഇന്ന് സമരസമിതി കോർ കമ്മിറ്റി യോഗം | Munambam
Updated on

കൊച്ചി: രാജ്യവ്യാപകമായി ചർച്ചയായ മുനമ്പത്തെ വഖഫ് ഭൂസമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാൻ സമര സമിതിയുടെ കോർ കമ്മിറ്റി യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം ഹൈക്കോടതി, വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടതോടെയാണ് സമരക്കാർക്ക് ആശ്വാസമായതും സമരം അവസാനിപ്പിക്കാനുള്ള നീക്കം ആരംഭിച്ചതും.( Is Munambam land struggle ending? committee core meeting today)

ഇന്നലെ രാത്രി ചേരേണ്ടിയിരുന്ന യോഗം വിപുലമായ ചർച്ചയ്ക്കായി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, സമുദായ നേതാക്കൾ തുടങ്ങി എല്ലാവരെയും പങ്കെടുപ്പിച്ച് വരാപ്പുഴ അതിരൂപതാ ആസ്ഥാനത്ത് വിപുലമായ ചടങ്ങ് നടത്തി സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്താനാണ് ലക്ഷ്യം.

നാലോ അഞ്ചോ ദിവസം കാത്തിരുന്നാലും എല്ലാവരെയും ക്ഷണിക്കണമെന്നാണ് സമരസമിതിയുടെ പൊതു അഭിപ്രായം. ഇന്ന് ചേരുന്ന യോഗത്തിൽ അന്തിമമായ തീരുമാനമുണ്ടാകും. 2024 ഒക്ടോബർ 13-നാണ് മുനമ്പം വഖഫ് ഭൂമി തർക്കത്തിൽ പ്രദേശവാസികൾ സമരം ആരംഭിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ച ജസ്റ്റിസ് സി. ജയചന്ദ്രൻ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവാണ് മുനമ്പത്തുകാർക്ക് ആശ്വാസമേകിയത്. വ്യവസ്ഥകളോടെ റവന്യു വകുപ്പ് ഭൂമിയുടെ കരം സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഭൂമിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ തീർപ്പാക്കും വരെ ഈ ഇടക്കാല ഉത്തരവ് ബാധകമാകും.

Related Stories

No stories found.
Times Kerala
timeskerala.com