INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ സമ്മാനിച്ചുകൊണ്ട് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

1. ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിലുള്ള എന്റെ ആദ്യ കേരള സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പ്രമുഖ പരിശീലനക്കപ്പലായ INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ നൽകുന്നതിനായി കൊച്ചിയിലെത്താനായതിൽ എനിക്ക് സന്തോഷമുണ്ട്.
2. യുദ്ധത്തിലും സമാധാനത്തിലും രാജ്യത്തിന് നൽകിയ അസാധാരണ സേവനത്തിനുള്ള അംഗീകാരമായി INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് സമർപ്പിക്കാനായതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ ഞാൻ സന്തോഷിക്കുന്നു.
3. ഇന്നത്തെ ശ്രദ്ധേയമായ പങ്കാളിത്തത്തിനും മികച്ച ഏകോപനത്തോടെയുള്ള പ്രദർശനത്തിനും എല്ലാ ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു. നിങ്ങൾക്ക് ലഭിക്കുന്ന ഉന്നത നിലവാരത്തിലുള്ള പരിശീലനത്തിന്റെ പ്രതിഫലനമാണിത്.
4. ഈ പരിശീലന സ്ഥാപനം, രാഷ്ട്രത്തിനായുള്ള സമർപ്പിത സേവനത്തിന്റെ 80 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. അന്താരാഷ്‌ട്ര പ്രശസ്തി നേടിയ പരിശീലന സ്ഥാപനവും പീരങ്കി, മിസൈൽ പോരാട്ടത്തിൽ മികവിന്റെ കേന്ദ്രവുമാണിത്.
5. അർദ്ധ സൈനിക, പോലീസ് സേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കും INS ദ്രോണാചാര്യയിൽ പരിശീലനം ലഭിച്ചിക്കുന്നുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്. കൂടാതെ, നമ്മുടെ സുഹൃദ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെയും നാവികരെയും പരിശീലിപ്പിക്കുന്നതിലൂടെ സുരക്ഷിത സമുദ്രമേഖലയെന്ന ഇന്ത്യയുടെ വീക്ഷണം സ്ഥാപനം വളർത്തിയെടുക്കുന്നു.
6. സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുകയോ പരിശീലനം നേടുകയോ ചെയ്ത പൂർവവിദ്യാർത്ഥികളെയും പഴയതും നിലവിലുള്ളതുമായ ഉദ്യോഗസ്ഥരെയും അവരുടെ കഠിനാധ്വാനത്തിന്റെയും
അർപ്പണബോധത്തിന്റെയും പേരിൽ ഞാൻ അഭിനന്ദിക്കുന്നു. നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ഹരി കുമാറും ഇവിടുത്തെ വിശിഷ്ട പൂർവ്വ വിദ്യാർത്ഥിയാണെന്ന് ഞാൻ മനസിലാക്കുന്നു.
മഹതികളെ മാന്യന്മാരെ,
7. ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിൽ ഒരു നാവികസേനാ സ്ഥാപനത്തിലെ എന്റെ രണ്ടാമത്തെ സന്ദർശനമാണിത്. നമ്മുടെ ധീരരായ നാവികസേനാംഗങ്ങൾക്കൊപ്പം വിശാഖപട്ടണത്ത് നാവികസേനാ ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഇന്ത്യൻ നാവികസേനയുടെ പ്രവർത്തനങ്ങൾക്കും പ്രകടനങ്ങൾക്കും ഞാൻ സാക്ഷിയായി. ഏത് വെല്ലുവിളികളും നേരിടാനുള്ള നാവികസേനയുടെ തയ്യാറെടുപ്പും പരിശീലന മികവും പ്രവർത്തന മികവും വ്യക്തമാക്കുന്നതായിരുന്നു പരിപാടികൾ. ഇന്ന്, ദക്ഷിണ നാവിക കമാൻഡിൽ, രാജ്യം നേരിടുന്ന ഭീഷണികൾ പ്രതിരോധിക്കാനും നമ്മുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനുമുള്ള ശേഷിയുടെ ഒരു നേർക്കാഴ്ച എനിക്കു ലഭിച്ചു.
8. ഇവിടെ വരുന്നതിന് മുമ്പ്, INS വിക്രാന്ത് സന്ദർശിക്കാനും കപ്പലിലെ ഉദ്യോഗസ്ഥരുമായും നാവികരുമായും സംവദിക്കാനും എനിക്ക് അവസരം ലഭിച്ചു. തദ്ദേശീയമായി നിർമ്മിച്ച ആ ആധുനിക വിമാനവാഹിനിക്കപ്പൽ ആത്മനിർഭര ഭാരതത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മുഴുവൻ നാവിക സേനാംഗങ്ങളെയും കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനെയും INS വിക്രാന്ത് യാഥാർത്ഥ്യമാക്കുന്നതിൽ സഹകരിച്ച എല്ലാവരെയും ഞാൻ അഭിനന്ദിക്കുന്നു. അർപ്പണബോധത്തോടെയും അതുല്യമായും രാജ്യത്തെ സേവിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ധീരരായ സ്ത്രീപുരുഷ സേനാംഗങ്ങളിൽ ഞാൻ അഭിമാനിക്കുന്നു.
മഹതികളെ മാന്യന്മാരെ,
9. ഇന്ത്യയ്ക്ക് സമ്പന്നമായ ഒരു സമുദ്ര പാരമ്പര്യമുണ്ട്. ഇന്ത്യയുടെ തന്ത്രപരവും സൈനികവും സാമ്പത്തികവും വാണിജ്യപരവുമായ താത്പര്യങ്ങളിൽ സമുദ്രശക്തി നിർണായകമാണ്.
10. നീണ്ട തീരപ്രദേശവും ദ്വീപ് സമൂഹങ്ങളും ഗണ്യമായ കടൽയാത്രികരുമുള്ള അഞ്ചാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ പോലൊരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ശക്തവും ആധുനികവുമായ നാവികസേനയ്ക്ക് അത്യധികം പ്രാധാന്യമുണ്ട്. കഴിഞ്ഞ 75 വർഷമായി, യുദ്ധസജ്ജവും ബഹുമുഖവും വൈദഗ്ദ്ധ്യമുള്ളതുമായ നാവികസേന നമ്മുടെ എതിരാളികളെ ചെറുക്കുകയും സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കുകയും സാമൂഹിക-സാമ്പത്തിക വളർച്ച സുഗമമാക്കുന്നതിന് സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്തു. നമ്മുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിലും നമ്മുടെ വ്യാപാര പാതകൾ സുരക്ഷിതമാക്കുന്നതിലും ദുരന്തസമയത്ത് സഹായം എത്തിക്കുന്നതിലും ഇന്ത്യൻ നാവികസേന പ്രകടമാക്കുന്ന പ്രതിബദ്ധതയിൽ രാജ്യം അഭിമാനിക്കുന്നു.
11. ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളം ദൗത്യ-സജ്ജവും പ്രതികരണ സജ്ജവുമായ ഒരു സേന എന്ന നിലയിൽ ഇന്ത്യൻ നാവികസേന ഗണ്യമായ ശേഷി കാലക്രമേണ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ നമ്മുടെ സമുദ്ര അയൽപക്കത്തെ ആകസ്മിക സംഭവങ്ങളോടുള്ള 'ദ്രുത പ്രതികരണത്തിനും' നമ്മുടെ സമുദ്ര താത്പര്യങ്ങൾ സംരക്ഷിക്കാനും രാജ്യം നാവികസേനയെ ഉറ്റുനോക്കുന്നു. 'ശുഭ്രവസ്ത്രധാരികളായ നമ്മുടെ സ്ത്രീ പുരുഷന്മാർ' ഏറ്റവും പുതിയ സാങ്കേതിക മുന്നേറ്റങ്ങളും സമുദ്രമേഖലയിലെ പ്രവർത്തന ചലനാത്മകതയും മനസ്സിലാക്കി സ്വയം നവീകരിക്കേണ്ടതുണ്ട്.
12. അവസാനമായി, INS ദ്രോണാചാര്യയിലെ ഉദ്യോഗസ്ഥർക്കും ജീവനക്കാര്‍ക്കും ഭാവിയിലെ ഉദ്യമങ്ങളിൽ എല്ലാ വിജയങ്ങളും നേരുന്നു. നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എന്റെ ഹൃദ്യമായ ആശംസകൾ.
നന്ദി.
ജയ് ഹിന്ദ്!
ജയ് ഭാരത്!