വീട്ടമ്മയെ ഭർത്താവ് കമ്പി വടികൊണ്ട് ആക്രമിച്ചു, ഗുരുതര പരിക്ക്; പ്രതി ഒളിവിൽ

വീട്ടമ്മയെ ഭർത്താവ് കമ്പി വടികൊണ്ട് ആക്രമിച്ചു, ഗുരുതര പരിക്ക്; പ്രതി ഒളിവിൽ
 ഇടുക്കി: മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്നിറക്കിവിട്ടിട്ടും കോടതി വിധി നേടി ഭര്‍ത്തൃവീട്ടിൽ താമസിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം.  ഇടുക്കി കൊന്നത്തടി സ്വദേശി ഖദീജക്ക് നേരെയാണ് ഭർത്താവ് പരീതിന്റെ ആക്രമണം. മാരകമായി പരുക്കേറ്റ ഖദീജ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഖദീജയെ ഇരുമ്പുവടിയ്ക്കാണ് ഭര്‍ത്താവ് പരീത് ക്രൂരമായി ആക്രമിച്ചത്. ഇയാൾ ഒളിവിലാണ്. തലയ്ക്കും കണ്ണിനും ദേഹത്തുമെല്ലാം ഗുരുതരമായി പരുക്കേറ്റു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണ് ഖദീജയിപ്പോൾ. മൊഴി ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനെതിരെ ഇക്കഴിഞ്ഞ ജൂലൈയിലാണ് മുത്തലാഖ് നിരോധനനിയമപ്രകാരം ഖദീജ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയത്.  തുടര്‍ന്ന് ഇരുവര്‍ക്കും അവകാശപ്പെട്ട വീട്ടിൽ താമസിക്കുകയായിരുന്നു. കോടതി ഉത്തരവ് നിലനിൽക്കെ ഖദീജ ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് പരീത് നിരന്തരം ഭീഷണപ്പെടുത്തി. ഇതിനെതിരെ കലക്ടര്‍ക്കും പൊലീസിനും ഖദീജ പരാതി നൽകിയതോടെയായിരുന്നു ആക്രമണം. ഒളിവിലുള്ള പരീതിനായി വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി. ഖദീജയ്ക്ക് ഭീഷണിയുണ്ടെന്ന് പലതവണ പറഞ്ഞിട്ടും പൊലീസ് തിരിഞ്ഞുനോക്കിയില്ലെന്നാണ് ബന്ധുക്കളുടെ ആക്ഷേപം.

Share this story