കോട്ടയം : കുമാരനല്ലൂരില്‍ വീട്ടമ്മയെ മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് അതിക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ മുഖത്തെ ഗുരുതരമായ പരിക്കുകളുമേറ്റ കുമാരനല്ലൂര്‍ സ്വദേശി രമ്യ മോഹനന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.പോലീസെത്തി രമ്യയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഭര്‍ത്താവ് കുമാരനല്ലൂര്‍ ശങ്കരത്തില്‍ ജയന് ഒളിവില്‍ പോയി.
കഴിഞ്ഞ ദിവസം കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രമ്യയെ ഭര്‍ത്താവ് ജയന് വാടക വീട്ടില്‍ കൂട്ടികൊണ്ട് പോവുകയായിരുന്നു. രാത്രിയില്‍ അവിടെ എത്തിയ ശേഷം മുഖത്തും തലയ്ക്കും ദേഹമാസകലവും ക്രൂരമായി മർദിച്ചു. പെപ്പര്‍ സ്പ്രേ മുഖത്തും ദേഹത്തും അടിച്ചും ഉപദ്രവിച്ചു.
ഭര്‍ത്താവ് പറയുന്നവരെല്ലാം തന്റെ കാമുകന്മാരാണെന്ന് സമ്മതിച്ചുകൊടുക്കണമെന്നും ഇവര്‍ തമ്മിലുള്ള കേസിന്റെ കാര്യം പറഞ്ഞുമായിരുന്നു രമ്യയെ മർദിച്ചത്. രാത്രി വൈകിയും അമ്മ വരാതിരുന്നതിനെത്തുടര്‍ന്ന് മകള്‍ ഫോണ്‍ വിളിച്ചു.രമ്യയുടെ ശബ്ദത്തിലുണ്ടായ മാറ്റം മനസിലാക്കിയ മകൾ അമ്മയുടെ അനുജത്തിയോട് വിവരം പറയുകയും തുടര്‍ന്ന് മകള്‍ തന്നെ കോട്ടയം ഡിവൈഎസ്പിയെ ഫോണില്‍ അറിയിക്കുകയുമായിരുന്നു.കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി വിളിച്ചപ്പോഴാണ് ജയന് കതക് തുറന്നത്. മുക്കില്‍നിന്ന് ചോര ഒലിച്ചുകൊണ്ടിരുന്ന രമ്യയെ പോലീസ് ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.