

കൊച്ചി: ശബരിമലയിൽ രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം വിൽക്കുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിൽക്കുന്നത് രാസവസ്തുക്കൾ ഇല്ലാത്ത കുങ്കുമമാണെന്ന് തെളിയിച്ചാൽ മാത്രമേ വിൽപനയ്ക്ക് അനുമതി നൽകാനാകൂ എന്ന് കോടതി വ്യക്തമാക്കി.(High Court says chemical should not be sold in Sabarimala)
രാസകുങ്കുമത്തിന്റെ വിൽപന നിരോധനം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ശ്രദ്ധേയമായ പരാമർശം. "വീട്ടിൽ കുട്ടിയും ഭാര്യയുമുണ്ടെങ്കിൽ അവരുടെ ദേഹത്ത് തേച്ചാൽ മതി. അപ്പോൾ അതിന്റെ ബുദ്ധിമുട്ട് അറിയാം."
രാസവസ്തുക്കൾ അടങ്ങിയ കുങ്കുമമല്ല തങ്ങൾ വിൽക്കുന്നതെന്ന് ഹർജിക്കാർ വാദിച്ചു. ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങൾ, ഭക്തരുടെ ആരോഗ്യം എന്നിവയാണ് കോടതിക്ക് പ്രധാനമെന്ന് ബഞ്ച് വ്യക്തമാക്കി. വാണിജ്യ താൽപര്യങ്ങൾ കോടതിക്ക് പരിഗണിക്കേണ്ടതില്ല. രാസ കുങ്കുമം വിൽക്കുന്നവരുടെ കുത്തക ലൈസൻസുകൾ റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.
രാസ കുങ്കുമ വിൽപ്പന ചോദ്യം ചെയ്തുള്ള കക്ഷി ചേരൽ അപേക്ഷ ഹൈക്കോടതി തള്ളി. തീർഥാടന മേഖലയിൽ രാസ കുങ്കുമത്തിന്റെ വിൽപന ഹൈക്കോടതി നിരോധിച്ചതിന് പിന്നാലെയാണ് നിരോധനം ഒഴിവാക്കാൻ ആവശ്യപ്പെട്ട് കുത്തക ഹോൾഡർ കോടതിയെ സമീപിച്ചത്. പ്രകൃതിദത്തമായ കുങ്കുമം വിൽക്കുന്നതിന് വിലക്കില്ലെന്നും എന്നാൽ രാസകുങ്കുമം യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും കോടതി ആവർത്തിച്ചു വ്യക്തമാക്കി.