തിരുവനന്തപുരം: കന്യാകുമാരി കടലിന് സമീപം തുടരുകയായിരുന്ന ചക്രവാതച്ചുഴി ഇപ്പോൾ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി (Depression) മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.(Heavy rain in Kerala, yellow alert in Thiruvananthapuram today)
കന്യാകുമാരി കടൽ, ശ്രീലങ്ക, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങൾക്ക് മുകളിലാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദ്ദമായും, തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കൂടാതെ, മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദവും തീവ്രന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നവംബർ 25, 26 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് (24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ). നവംബർ 25-ന് തിരുവനന്തപുരം ജില്ലയിലും നവംബർ 26-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തിരുവനന്തപുരത്തെ നെയ്യാർ നദിയിൽ (അരുവിപ്പുറം സ്റ്റേഷൻ) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവരും പ്രളയ സാധ്യതയുള്ളയിടങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കാൻ തയ്യാറാവുകയും ചെയ്യണം.