പരിശീലനത്തിനിടെ ഹൃദയാഘാതം; ശ്രീനഗറിൽ മലയാളി സൈനികന് ദാരുണാന്ത്യം
Nov 18, 2023, 13:59 IST

സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതം കാരണം മലയാളി ജവാന് ദാരുണാന്ത്യം. ശ്രീനഗറിൽ സൈനിക പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരണപ്പെട്ടത്. ബാരാമുള്ളയിലെ ഫൈവ് എൻജിനിയറിങ് റെജിമെന്റിലെ നായിക്കായിരുന്നു ഇന്ദ്രജിത്ത്.

ശ്രീനഗറിലെ സൈനിക യൂണിറ്റിൽ പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് സൈനിക വൃത്തങ്ങൾ ബന്ധുക്കളെ അറിയിച്ചത്. ബാരമുള്ളയിലെ പട്ടൽ സൈനിക യൂണിറ്റിൽവെച്ച് സ്ഥാനക്കയറ്റം ലഭിക്കുന്നതിനായി ഇന്ദ്രജിത്തിന് മാപ്പ് റീഡിങ് പരീക്ഷ ഉണ്ടായിരുന്നു. ഇതിനായി പരീക്ഷാ ഹാളിലിരിക്കുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്.