Times Kerala

സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ സന്ദേശങ്ങള്‍ അനുവദിക്കില്ല: ജില്ലാ കലക്ടര്‍

 
gff


സമൂഹമാധ്യമ കൂട്ടായ്മകളിലും പേജുകളിലും തെറ്റിദ്ധരിപ്പിക്കുന്നതും സംഘര്‍ഷമുണ്ടാക്കുന്നതുമായ സന്ദേശങ്ങളും പോസ്റ്റുകളും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റു സംഘടനകളുടെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വെല്ലുവിളിയുടെ ഭാഷ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യം പാര്‍ട്ടികളും സംഘടനകളും ഗൗരവമായ പരിശോധനക്ക് വിധേയമാക്കുകയും തടയുകയും വേണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടി എല്ലാ മാസവും അല്ലെങ്കില്‍ രണ്ടു മാസത്തിലൊരിക്കല്‍ വിവിധ രാഷ്ട്രീയ സംഘടനകളുടെയും മത-സാമുദായിക സംഘടനകളുടെയും യോഗം ചേരുന്നുണ്ട്. യോഗത്തില്‍ എല്ലാ കക്ഷിരാഷ്ട്രീയ പ്രതിനിധികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വിദ്വേഷ പ്രചാരണം തടയുന്നതിന് സോഷ്യല്‍ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ അറിയിക്കാവുന്നതാണെന്നും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. മത സൗഹാര്‍ദ്ദം തകര്‍ക്കുന്നതും സംഘര്‍ഷങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ളതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ഇത്തരം വിഷയങ്ങളില്‍ സമയോചിതമായി പോലീസ് ഇടപെടുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഏതു പോലീസ് സ്റ്റേഷനിലും നല്‍കാം.

താഴെത്തട്ടില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബോധവത്ക്കരണം ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ശ്രദ്ധിക്കണമെന്നും നിലവില്‍ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് യോഗങ്ങള്‍ നടത്തുന്നുണ്ടെന്നും ഉത്സവ സീസണ്‍ സമയങ്ങളില്‍ പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ലഹരി മാഫിയയുടെ സ്വാധീനം നിരീക്ഷണവിധേയമാക്കണമെന്നും സ്‌കൂളുകള്‍ക്ക് സമീപമുള്ള കടകളില്‍ പരിശോധന കര്‍ശനമാക്കണമെന്നും രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എക്സൈസ് വകുപ്പ് പിഴയീടാക്കുന്നതിനു പുറമെ കട പ്രവര്‍ത്തിക്കുന്നതിനുള്ള പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജില്ലയിലെ സമാധാനം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ ഉറപ്പുനല്‍കി. യോഗത്തില്‍ പാലക്കാട് ആര്‍.ഡി.ഒ. ഡി. അമൃതവല്ലി, തഹസില്‍ദാര്‍മാര്‍, ഡിവൈ.എസ്.പിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story