അഷ്ടമിരോഹിണി മഹോത്സവത്തിനായി ഗുരുവായൂർ ക്ഷേത്രാങ്കണം ഒരുങ്ങി
Sep 6, 2023, 10:21 IST

തൃശ്ശൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന് ഗുരുവായൂർ ക്ഷേത്രാങ്കണവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. ക്ഷേത്രത്തിൽ വൻ ഭക്തജന അനുഭവപ്പെടുന്നതിനാൽ വേണ്ട ക്രമീകരണങ്ങൾ ദേവസ്വം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ആറു മുതൽ ഉച്ചതിരിഞ്ഞ് രണ്ട് മണി വരെ ദർശനത്തിന് നിയന്ത്രണം ഉള്ള സമയമായതിനാൽ ശയനപ്രദക്ഷിണം, ചുറ്റമ്പലപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ദർശനം ലഭിച്ച ഭക്തർ പടിഞ്ഞാറേ ഗോപുരം വഴിയോ, ഭഗവതി ക്ഷേത്രം നടയിലൂടെയോ കടന്ന് ക്ഷേത്രത്തിന് പുറത്തേക്ക് പോകണം.

ചോറൂൺ വഴിപാട് കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനവും ഇന്ന് ഉണ്ടാകില്ല. കൂടാതെ ഗുരുവായൂരപ്പൻ്റെ എല്ലാ ഭക്തർക്കും 12 വിഭവങ്ങളും പാൽപായസവും ഉൾപ്പടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് അഥവാ പിറന്നാൾ സദ്യ ഒരുക്കിയിട്ടുണ്ട്. ഇതിനു മാത്രം 22.5 ലക്ഷം രൂപയാണ് ചെലവ്. രാവിലെ മുതൽ ഘോഷയാത്രകളും വൈകീട്ട് ശോഭ യാത്രകളും ഉണ്ടാകും.