ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റി

പാറശ്ശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ മറ്റൊരു ജയിലിലേക്ക് മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ മാവേലിക്കര സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റി. സഹതടവുകാരുടെ പരാതിയെ തുടർന്നാണ് ഗ്രീഷ്മ ഉൾപ്പെടെ രണ്ട് തടവുകാരെ സ്ഥലം മാറ്റിയത്. കേസിൽ അറസ്റ്റിലായതു മുതൽ അട്ടക്കുളങ്ങര ജയിലിലായിരുന്നു ഗ്രീഷ്മ. 2022 ഒക്‌ടോബർ 14-ന് തമിഴ്‌നാട്ടിലെ പളുക്കലിലുള്ള വീട്ടിൽവെച്ച് ഗ്രീഷ്മ കാമുകൻ ഷാരോണിനെ വിഷം കൊടുത്തു കൊന്നു. ഷാരോണിനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം ജീവിതത്തോട് മല്ലിട്ട് ഒക്‌ടോബർ 25നാണ് ഷാരോൺ മരിച്ചത്.

മരണമൊഴിയിൽ പോലും ഗ്രീഷ്മയെ ഷാരോൺ സംശയിച്ചിരുന്നില്ല. സാധാരണ മരണമാണെന്നായിരുന്നു പാറശ്ശാല പോലീസിന്റെ നിഗമനം. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ ഗ്രീഷ്മ ഷാരോണിനെ വിഷം നൽകിയാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. മറ്റൊരാളെ വിവാഹം കഴിക്കാൻ വേണ്ടിയാണ് അവർ ഷാരോണിനെ കൊലപ്പെടുത്തിയത്. ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പോലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും കേസിൽ പ്രതികളാക്കിയത്.