കൊക്കാലെയിലെ സ്വർണ കവർച്ച; സ്ഥാപനത്തിലെ മുൻ ജീവനക്കാരനടക്കം എട്ട് പ്രതികൾ പിടിയിൽ

തൃശൂർ: കൊക്കാലെയിലെ സ്വർണാഭരണ നിർമാണ സ്ഥാപനത്തിൽനിന്ന് ജ്വല്ലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോയിരുന്ന 3.5 കിഗ്രാം സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിൽ സ്ഥാപനത്തിലെ മുൻ ജീവനക്കാരനടക്കം എട്ട് പ്രതികളെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാം പ്രതി സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ അന്തിക്കാട് പടിയം വന്നേനിമുക്ക് കണ്ണമ്പുഴ വീട്ടിൽ ബ്രോൺസൺ (33), നാല് മുതൽ 11 വരെ പ്രതികളായ തൊട്ടിപ്പാൾ തൊട്ടാപ്പിൽ മടപ്പുറം റോഡ് പുള്ളംപ്ലാവിൽ വിനിൽ വിജയൻ (23), മണലൂർ കാഞ്ഞാണി മോങ്ങാടി വീട്ടിൽ അരുൺ (29), അരിമ്പൂർ മനക്കൊടി കോലോത്തുപറമ്പിൽ നിധിൻ, മണലൂർ കാഞ്ഞാണി പ്ലാക്കൽ മിഥുൻ (23), കാഞ്ഞാണി ചാട്ടുപുരക്കൽ വിവേക് (23), ഒളരി ബംഗ്ലാവ് റോഡ് കൊച്ചത്ത് വീട്ടിൽ രാജേഷ് (42) ചാലക്കുടി കുറ്റിച്ചിറ മൂത്തേടത്ത് സുമേഷ് (38) എന്നിവരെയാണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ എട്ടിന് രാത്രി 11.20ഓടെ തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം കൊക്കാലെയിൽ വെച്ചായിരുന്നു സംഭവം നടന്നത്. തൃശൂർ ഡി.പി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി ചെയിൻസ് സ്ഥാപനത്തിൽ നിന്നും മാർത്താണ്ഡം ഭാഗത്തെ സ്വർണാഭരണ വിൽപനശാലകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയിരുന്ന 1.80 കോടി രൂപ വിലവരുന്ന 3152 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങളാണ് കാറിലെത്തി സംഘം തട്ടിയെടുത്തത്.
കേസിലെ പ്രധാന സൂത്രധാരന്മാരായ രണ്ടാം പ്രതി നിഖിൽ, മൂന്നാം പ്രതി ജിഫിൻ എന്നിവരെയും ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തവരും കണ്ടാലറിയാവുന്നവരുമായ മറ്റു നാലുപേരെയും ഇനി പിടികൂടാനുണ്ട്.