ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണക്കവർച്ച; അന്തർസംസ്ഥാന മോഷണക്കേസിലെ പ്രതി പിടിയിൽ
Nov 18, 2023, 21:15 IST

ഇരിട്ടി: ടൗണിലെ വിവ ജ്വല്ലറിയിൽ സ്വർണക്കവർച്ച നടത്തിയ പ്രതി പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരി സലാംപെട്ടി ജയദേവി സ്വദേശി മസ്റപ്പാസിനെ (20)യാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. ഇരിട്ടി ഇൻസ്പെക്ടർ കെ.ജെ. വിനോയിയും എസ്.ഐ വിപിന്റെയും നേതൃത്വത്തിൽ സ്ക്വാഡംഗങ്ങളായ എസ്.ഐ നാസർ പൊയിലൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഇരിട്ടി സ്റ്റേഷനിലെ ഷിജോയ്, പ്രകാശൻ, പ്രവീൺ, ആറളം സ്റ്റേഷനിലെ ജയദേവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കൃഷ്ണഗിരിയിലെ ജയദേവിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പിടിക്കപ്പെട്ട മസ്റപ്പാസ് അന്തർസംസ്ഥാന മോഷണക്കേസിലെ പ്രതിയാണ്. പ്രതി കൃത്യത്തിന് ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ എട്ടിനു വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നുതന്നെ പുൽപള്ളിയിലെ കടയിൽ കയറി കച്ചവടക്കാരനെ തലക്കടിച്ച് ബോധം കെടുത്തിയ ശേഷം 50,000 രൂപ കവരുകയും എടുരിലെ ആനി ജ്വല്ലറിയിലും മോഷണശ്രമം നടത്തുകയും ചെയ്തിരുന്നു.