വീടിനുള്ളില്‍പ്പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല; കേരളം യുപി മോഡല്‍ നടപടി സ്വീകരിക്കണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആലുവയില്‍ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ മാതാപിതാക്കളുടെ അരികില്‍നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊച്ചുകുട്ടികള്‍ക്ക് പോലും പേടിക്കാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തരവകുപ്പ് പൂര്‍ണമായും പരാജയപ്പെട്ടു കഴിഞ്ഞു. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയണം. വീടിനുള്ളില്‍ പോലും നമ്മുടെ പെണ്‍മക്കള്‍ക്ക് രക്ഷയില്ലെന്ന അവസ്ഥായാണ് കേരളത്തിൽ ഇപ്പോൾ. ആലുവയില്‍ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാര്‍ത്ത വന്നിരിക്കുന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സര്‍ക്കാര്‍ പിഞ്ചുമക്കളെ വേട്ടക്കാര്‍ക്ക് എറിഞ്ഞുകൊടുക്കുകയാണ്.
കഴിഞ്ഞ ദിവസം യുപിയില്‍ അദ്ധ്യാപിക മര്‍ദ്ദിച്ച വിദ്യാര്‍ത്ഥിയെ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വാഗ്ദാനം നൽകിയ സർക്കാർ ആദ്യം ഇവിടെയുള്ള കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. അന്യസംസ്ഥാനക്കാര്‍ക്കെതിരെ സംസ്ഥാനത്ത് അക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.