Times Kerala

മാലിന്യ മുക്ത തൃത്താല- രണ്ടാം ഘട്ട ക്യാമ്പയിന് തുടക്കമായി,34 ടൺ നിഷ്ക്രിയ മാലിന്യങ്ങൾ നീക്കി

 
251


തൃത്താല നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന സുസ്ഥിര തൃത്താല - മാലിന്യ മുക്ത തൃത്താല പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനത്തിന് തുടക്കമായി.  ക്യാമ്പയിനിന്റെ ആദ്യപാദത്തിൽ ഹരിത കർമ്മ സേന ശേഖരിച്ച  34 ടൺ നിഷ്ക്രിയ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി ശനിയാഴ്ച്ച നീക്കം ചെയ്തു. തൃത്താല മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയും ചേർന്ന് തൃത്താല മണ്ഡലത്തിലെ പ്രദേശങ്ങളെ മാലിന്യമുക്തമാക്കുന്ന രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഹരിത കർമ്മ സേന ഈ മാസത്തെ ആദ്യ രണ്ടാഴ്ച്ചയിൽ ശേഖരിച്ച മുഴുവൻ മാലിന്യ ങ്ങളും എട്ട് കേന്ദ്രങ്ങളിൽ നിന്നായി  ശനിയാഴ്ച്ച ഒരു ദിവസം കൊണ്ടാണ് ക്ലീൻ കേരള നീക്കം ചെയ്തത്.

പ്രത്യേക ക്യാമ്പയിനിന്റെ ഭാഗമായി തൃത്താല മണ്ഡലത്തിലെ തൃത്താല, നാഗലശ്ശേരി, ചാലിശ്ശേരി, തിരുമിറ്റക്കോട്, ആനക്കര, കപ്പൂർ, പട്ടിത്തറ, പരുതൂർ എന്നീ പഞ്ചായത്തുകളിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ  നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ തുടർന്നുള്ള ഓരോ ആഴ്ച്ചയും പ്രത്യേകമായി ശേഖരിച്ച് കൈമാറുന്ന അജൈവ മാലിന്യങ്ങളും ആഴ്ച്ചയ്ക്കൊടുവിൽ ക്ലീൻ കേരള കമ്പനി പൂർണ്ണമായും നീക്കം ചെയ്യും.

രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ശനിയാഴ്ച്ച ചെരിപ്പ്, ബാഗ്, തെർമോകോൾ, ലെതർ തുടങ്ങിയ നിഷ്ക്രിയ മാലിന്യങ്ങളാണ് ക്ലീൻ കേരള കമ്പനി നീക്കം ചെയ്തത്. പ്രത്യേക ക്യാമ്പയിനിന്റെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യങ്ങൾ  ശേഖരിക്കുകയും ക്ലീൻ കേരള കമ്പനി ഇവ നിശ്ചിത ദിവസം തന്നെ നീക്കം ചെയ്യുകയും ചെയ്യുന്ന ക്ലീൻ പഞ്ചായത്ത്-മാലിന്യ മുക്ത തൃത്താല യഞ്ജം ഈ മാസം മുഴുവൻ തുടരും.

ക്ലീൻ കേരള കമ്പനി ഹരിത കർമ്മസേനാംഗങ്ങൾ മാലിന്യങ്ങൾ ശേഖരിച്ചു വെയ്ക്കുന്ന കേന്ദ്രങ്ങളിൽ നിന്നും സെപ്റ്റംബർ 23 ന് തുണി ഇനങ്ങളും, സെപ്റ്റംബർ 30 ന് കുപ്പി- ചില്ല് മാലിന്യങ്ങളും നീക്കം ചെയ്യുമെന്ന് ക്ലീൻ കേരള കമ്പനി പാലക്കാട് ജില്ലാ മാനേജർ ആദർശ് ആർ. നായർ അറിയിച്ചു. തൃത്താല മണ്ഡലത്തിലെ ഈ മാതൃകാ പ്രവർത്തനം പാലക്കാടിനെ ശുചിത്വ ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജമേകുന്നതായി നവകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, ശുചിത്വ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ടി.ജി. അഭിജിത്ത് എന്നിവർ പറഞ്ഞു

Related Topics

Share this story