പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തള്ളി; ലോറി പിടിച്ചെടുത്ത് 10,000 രൂപ പിഴ അടപ്പിച്ചു
Updated: Nov 19, 2023, 22:22 IST

മൂവാറ്റുപുഴ: പട്ടാപ്പകൽ നഗരത്തിൽ മാലിന്യം തളളിയ ലോറി കസ്റ്റഡിയിലെടുത്ത് 10,000 രൂപ പിഴയടപ്പിച്ച് മൂവാറ്റുപുഴ നഗരസഭ. ശനിയാഴ്ച ഉച്ചക്ക് 12 ഓടെ നഗരസഭ സ്റ്റേഡിയത്തിന് സമീപം മാലിന്യം തള്ളിയ ലോറിയാണ് നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്.
അങ്കമാലിയില്‍ നിന്ന് ലോറിയിൽ കൊണ്ടുവന്ന ചീഞ്ഞളിഞ്ഞ തണ്ണിമത്തനാണ് റോഡിൽ തളളിയത്. ഇത് നാട്ടുകാർ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെയാണ് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുന്നത്.ഉടന്‍ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസിന്റെ നേതൃത്വത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി മാലിന്യം തള്ളിയ ലോറി പിടിച്ചെടുത്തു. പ്രദേശത്ത് നിക്ഷേപിച്ച മാലിന്യം പൊലീസിന്റെ നേതൃത്വത്തിൽ നിക്ഷേപിച്ചവരെക്കൊണ്ട് തിരികെ ലോറിയിൽ കയറ്റിക്കുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
