സംസ്ഥാനത്ത് 2000 പൊതു ഇടങ്ങളില്‍ക്കൂടി സൗജന്യ ഇന്റര്‍നെറ്റ് സേവനം

സംസ്ഥാനത്ത് കൂടുതല്‍ പൊതു ഇടങ്ങളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന് 20 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. നിലവില്‍ ലഭ്യമായ സേവനത്തിന് പുറമെ 2000 പൊതു ഇടങ്ങളിലാണ് ഐടി മിഷന്‍ മുഖേനയുള്ള കെ ഫൈ ഹോട്ട്സ്പോട്ടുകള്‍ ഒരുക്കുന്നത്. തീരദേശ ഗ്രാമങ്ങള്‍ക്കും ആദിവാസി ഊരുകള്‍ക്കും പദ്ധതിയിൽ മുന്‍ഗണന നല്‍കും.

സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന ലക്ഷ്യം അതിവേഗം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് കെ ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ ഭരണ കേന്ദ്രങ്ങള്‍, പഞ്ചായത്ത് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ നിലവില്‍ സൗജന്യ വൈ ഫൈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങളും കേന്ദ്ര–സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങളും വിവരങ്ങളും സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുകയാണ് പബ്ലിക് വൈ ഫൈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം.