റേഷൻ കട സമരത്തിനെതിരെ ഭക്ഷ്യമന്ത്രി; റേഷൻ നിഷേധിച്ചുകൊണ്ടുള്ള പ്രതിഷേധസമരത്തിനെതിരെ കർശന നടപടിയെന്ന് താക്കീത്

തിരുവനന്തപുരം: ഒരു വിഭാഗം റേഷൻ കട ഡീലർമാർ തിങ്കളാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കടയടപ്പ് സമരത്തിനെതിരെ താക്കീതുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ. കാർഡ് ഉടമകൾക്ക് റേഷൻ നിഷേധിച്ചാൽ വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

പ്രതിഷേധിക്കുവാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നാൽ കാർഡുടമകൾക്ക് റേഷൻ നിഷേധിച്ചുകൊണ്ടുള്ള പ്രതിഷേധസമരത്തെ അംഗീകരിക്കില്ലെന്ന് വാർത്താക്കുറിപ്പിലൂടെ മന്ത്രി വ്യക്തമാക്കി.
സമരം മൂലം സർക്കാർ നിശ്ചയിച്ച വിതരണസമയത്ത് കടകളിൽ നിന്നും റേഷൻ വിതരണം നടക്കാത്ത സാഹചര്യമുണ്ടായാൽ അതിനെ ഗൗരവമായി കണ്ട് ബന്ധപ്പെട്ട റേഷൻ വ്യാപാരികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.