പൊലീസിന്റെ സമയോചിതമായ ഇടപെടലിനെതുടർന്ന് കൊലക്കേസ് പ്രതികൾ ഞൊടിയിടയിൽ പിടിയിലായി

ആറ്റിങ്ങൽ: പൊലീസിന്റെ സമയോചിതമായ ഇടപെടലിനെതുടർന്ന് കൊലപാതകം പുറത്തറിഞ്ഞയുടൻ പ്രതികൾ പിടിയിലായി. ആലംകോട് മണ്ണൂർഭാഗം കാട്ടിൽ വീട്ടിൽ പൊടിയൻ, അംബി ദമ്പതികളുടെ മകനായ സുജിയെ (32) വെട്ടിക്കൊന്ന കേസിലാണ് ആറ്റിങ്ങൽ കരിച്ചിയിൽ വിളയിൽവിള വീട്ടിൽ അനീഷ് (37), കീഴാറ്റിങ്ങൽ കാണവിള വീട്ടിൽ കടകംപള്ളി ബിജു (39) എന്നിവരെയാണ് പിടികൂടിയത്.

വെള്ളിയാഴ്ച രാവിലെ എട്ടിന് മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപം വാമനപുരം നദിയോട് ചേർന്നുള്ള ആളൊഴിഞ്ഞ റബർ തോട്ടത്തിലാണ് സുജിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ ഈ ഭാഗത്തേക്കുള്ള എല്ലാ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചപ്പോൾ സംശയാസ്പദമായി ഒരു ഓട്ടോ കണ്ടെത്തുകയായിരുന്നു. ഇതാണ് പ്രതികളെ കുരുക്കിയത്.
ലഹരി ഉപയോഗത്തിനിടയിലുണ്ടായ വാക്കുതർക്കവും വ്യക്തിവിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവശേഷം പുലർച്ച 12 ഓടെ ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശത്ത് ഓട്ടോറിക്ഷ ഉപേക്ഷിച്ചശേഷം ബിജുവും അനീഷും ശ്രീകാര്യത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിവിൽപോവുകയായിരുന്നു. അവിടെനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.