PM ശ്രീ വിവാദത്തിനു ശേഷമുള്ള ആദ്യ LDF യോഗം ഇന്ന് | LDF

സിപിഎം നേതൃയോഗങ്ങളും ഇന്ന് നടക്കുന്നുണ്ട്.
First LDF meeting after PM SHRI controversy today
Published on

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി കരാർ വിവാദത്തിൽ താൽക്കാലിക പ്രശ്നപരിഹാരത്തിന് ശേഷം ആദ്യമായി ഇടതുമുന്നണി (എൽഡിഎഫ്) യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് എകെജി സെന്ററിലാണ് യോഗം. വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഇടയായ സാഹചര്യങ്ങൾ ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നണിയിൽ വിശദീകരിക്കും.(First LDF meeting after PM SHRI controversy today)

പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകാൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തതോടെയാണ് എൽഡിഎഫിൽ ഉടലെടുത്ത പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമായത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം പ്രാധാന്യമർഹിക്കുന്നത്:

കരാർ ഒപ്പിട്ടതിലെ ആശയക്കുഴപ്പവും തുടർന്ന് മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാൻ ഉണ്ടായ സാഹചര്യവും മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ വിശദീകരിക്കും. കരാർ ഒപ്പിടുന്നതിന് മുൻപ് മുന്നണിയെ വിശ്വാസത്തിലെടുത്തില്ലെന്ന് സിപിഐ നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സമവായമായതിനാൽ സിപിഐ വിമര്‍ശനം കടുപ്പിക്കാൻ സാധ്യതയില്ല.

കരാര്‍ ഏകപക്ഷീയമായി ഒപ്പിട്ടതിനെ ആർജെഡി ചോദ്യം ചെയ്തേക്കും. കേന്ദ്ര ഫണ്ട് നഷ്ടപ്പെടുത്തുന്നതിലെ ആശങ്കയും ചില ഘടകകക്ഷികൾ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. ഇടതുമുന്നണി യോഗത്തിന് മുന്നോടിയായി സിപിഎം നേതൃയോഗങ്ങളും ഇന്ന് നടക്കുന്നുണ്ട്.

ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും പി.എം. ശ്രീ കരാർ ഒപ്പിട്ടതിലെ ആശയക്കുഴപ്പവും വിവാദവും പ്രധാന ചർച്ചയാകും. സിപിഐയുമായി നടന്ന തർക്കം തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ പാർട്ടിക്ക് ഗുണം ചെയ്തില്ലെന്ന വിലയിരുത്തൽ താഴെത്തട്ടിൽ സജീവമാണ്. പാർട്ടി ജനറൽ സെക്രട്ടറിയുടെ ഇടപെടലാണ് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത് എന്ന ചർച്ചയും പാർട്ടി ഘടകങ്ങളിൽ സജീവമാണ്.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ, തെരഞ്ഞെടുപ്പിനായുള്ള മുന്നണിയുടെയും പാർട്ടിയുടെയും തയ്യാറെടുപ്പുകൾ സംബന്ധിച്ച ചർച്ചകളും ഇന്നത്തെ യോഗങ്ങളിൽ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com