തൃശ്ശൂർ: കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്നുണ്ടായ അപകടത്തിൽ യുവാവിന് അതീവ ഗുരുതരമായി പൊള്ളലേറ്റു. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് ഫാരിസ് (22) എന്ന യുവാവിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെ ചിറ്റണ്ടയിലെ ബൈക്ക് വർക്ക്‌ഷോപ്പിലാണ് അപകടം നടന്നത്.(Fire breaks out while starting a damaged bike in Thrissur, Youth suffers 90% burns)
മുഹമ്മദ് ഫാരിസ് ജോലി ചെയ്യുന്ന വർക്ക്‌ഷോപ്പിൽ വെച്ച് കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തീപ്പൊരി ഉണ്ടായത്. ഈ തീപ്പൊരി സമീപത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് പടരുകയും നിമിഷ നേരം കൊണ്ട് തീഗോളമായി മാറുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
അപകടത്തിൽ ഗുരുതരാവസ്ഥയിലായ മുഹമ്മദ് ഫാരിസിനെ ഉടൻ തന്നെ തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 90% ത്തോളം പൊള്ളലേറ്റ യുവാവ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്നും, അപകട നില തരണം ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു.