കടമക്കുടിയിൽ അച്ഛനും അമ്മയും രണ്ട് ആൺമക്കളും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

കൊച്ചി: എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കടമക്കുടി സ്വദേശി നിജോ (39), ഭാര്യ ശിൽപ(32), മക്കളായ ഏബൽ (7) ആരോൺ (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുള്ള ആത്മഹത്യയെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ട് ആൺകുട്ടികൾക്കും വിഷം നൽകിയ ശേഷം അച്ഛനും അമ്മയും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഇന്ന് പുലർച്ചെയാണ് ഒരു കുടുംബത്തിലെ നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ശിൽപ വിദേശത്താണ് ജോലി ചെയ്തിരുന്നത്. നിജോ കടമക്കുടിയിൽ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസമാണ് ശിൽപ അവധിക്ക് നാട്ടിലെത്തിയത്. കടമക്കുടിയിലെ വീട്ടിൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്.
നാല് മൃതദേഹങ്ങളും പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.