അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച മകളുടെ കാൽ പിതാവ് ചവിട്ടിയൊടിച്ചു
Nov 21, 2023, 08:36 IST

മൂന്നാർ: അമ്മയെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ച പതിനഞ്ചുകാരിയെ പിതാവു ക്രൂരമായി മർദിച്ചു. കുട്ടിയുടെ കാൽ ഒടിയുകയും മൂക്കിന്റെ എല്ലു തകരുകയും ചെയ്തു. കുട്ടി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ പിതാവ് പയറ്റുകാലായിൽ സോജി മാത്യു (45), സഹോദരി സോളി തോമസ് (35), മാതാവ് അച്ചാമ്മ (62) എന്നിവർക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സോജിയുടെ മർദനത്തിൽ ഭാര്യ പ്രിയയ്ക്കും (38) മൂത്ത മകൾക്കും പരുക്കേറ്റിട്ടുണ്ട്. ഭർത്താവുമായി പിണങ്ങി ബന്ധുവീട്ടിലായിരുന്നു പ്രിയയും കുട്ടികളും കഴിഞ്ഞിരുന്നത്. മൂന്നാഴ്ച മുൻപു പ്രിയയും മക്കളും സോജിയുടെ വീട്ടിൽ മടങ്ങിയെത്തി. തുടർന്ന് കഴിഞ്ഞ ദിവസം സോളി വീട്ടിലെത്തുകയും വീണ്ടും വഴക്കുണ്ടാകുകയും ചെയ്തു. ഇതിനിടയിലാണു സോജി ഭാര്യയെ മർദിച്ചത്. ഇതു തടയാൻ ശ്രമിക്കുന്നതിനിടയിലാണു ഇളയമകളുടെ കാൽ സോജി ചവിട്ടി ഒടിച്ചത്.