മുകുന്ദന്റെ മരണത്തിൽ പ്രമുഖർ അനുശോചിച്ചു

തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുകുന്ദന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ഭാരതീയ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം അദ്ദേഹത്തിന്റെ നേതൃത്വശൈലിയുടെ സവിശേഷതയായിരുന്നുവെന്നും ഗവർണർ അനുസ്മരിച്ചു.
മുകുന്ദന്റെ വിയോഗം വ്യക്തിപരമായും സംഘടനപരമായും വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നിർണായകമായ പങ്കുവഹിച്ചിട്ടുള്ള നേതാവിനെയാണ് നഷ്ടമാകുന്നതെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.
സ്പീക്കർ എ.എൻ ഷംസീർ, മന്ത്രി വി. ശിവൻകുട്ടി എന്നിവരും അനുശോചനം രേഖപ്പെടുത്തി.