കട്ടപ്പന : ഇടുക്കിയിൽ സഹോദര പുത്രനെ ആസിഡ് ഒഴിച്ചു കൊലപെടുത്തിയ വയോധികയും മരിച്ചു. കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മ (83)യാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഇൗറ്റപ്പുറത്ത് സുകുമാരനാണ് (63) ആസിഡ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഒക്ടോബർ 24 നാണ് സഹോദരൻറെ മകനായ സുകുമാരന്റെ ദേഹത്ത് തങ്കമ്മ ആഡിഡ് ഒഴിച്ചത്. സുകുമാരൻറെ നിരപ്പേൽ കടയിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്. തങ്കമ്മയുടെ സ്വർണാഭരണങ്ങളിൽ ചിലത് സുകുമാരൻ വാങ്ങി പണയം വച്ചിരുന്നു. ഏറെ നാളായിട്ടും തിരികെ നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.
റബർ ഷീറ്റ് തയ്യാറാക്കാനുള്ള ആസിഡാണ് ഒഴിച്ചതെന്നാണ് കരുതുന്നത്. ഇരുവരുടെയും കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളും അയൽവാസികളുമാണ് ആശുപത്രിയിൽ എത്തിച്ചത്. മുഖത്ത് ഗുരുതരമായി പൊളളലേറ്റ സുകുമാരനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ആക്രമണത്തിനിടെ ആസിഡ് വീണ് പരിക്കേറ്റ തങ്കമ്മ ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.