യൂത്ത് കോണ്‍ഗ്രസ് ID കാര്‍ഡ് വിവാദം അന്വേഷിക്കാൻ എട്ടംഗ സംഘം; 5 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിലെ ഐ.ഡി. കാര്‍ഡ് വിവാദത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിഗയോഗിച്ചു. മ്യൂസിയം എസ്.എച്ച്.ഒ.യാണ് അന്വേഷണോദ്യോഗസ്ഥന്‍. സൈബര്‍ പോലീസ് ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. തിരുവനന്തപുരം ഡി.സി.പി. നിധിന്‍രാജും കന്റോണ്‍മെന്റ് എ.സി.യും അന്വേഷണത്തിൽ മേല്‍നോട്ടം വഹിക്കും. അഞ്ചുദിവസത്തിനകം റിപ്പോര്‍ട്ട് സമർപ്പിക്കാനാണ് നിര്‍ദേശം.

തിരഞ്ഞെടുപ്പില്‍ പങ്കെടുത്തവരുടെയും സ്ഥാനാര്‍ഥികളുടെയും മൊഴി രേഖപ്പെടുത്തും. മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി. വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ നിശ്ചിതസമയത്തിനകംതന്നെ നല്‍കും. മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ത് ലക്ഷ്യം വെച്ചാണ് നിര്‍മിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടത്തും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗപ്പെടുത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ഡി.സി.പി. അറിയിച്ചു.