Times Kerala

 വീട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് സ്ത്രീയില്‍ നിന്ന് തട്ടിയത് എട്ടുപവന്‍; 45കാരൻ അറസ്റ്റില്‍

 
സഫസ്റ്റ്ഫ്
 ചെര്‍പ്പുളശ്ശേരി: വീട്ടില്‍ നിധിയുണ്ടെന്ന് വിശ്വസിപ്പിച്ച് സ്ത്രീയില്‍ നിന്ന് എട്ടുപവന്‍ സ്വര്‍ണാഭരണം തട്ടിയെടുത്തയാള്‍ കേസിൽ 45 കാരൻ അറസ്റ്റില്‍. നെല്ലായ സ്വദേശിനിയുടെ പരാതിയിൽ പട്ടാമ്പി തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി തെക്കുംകരവളപ്പില്‍ റഫീഖ് മൗലവിയാണ് (45) അറസ്റ്റിലായത്. കാരുണ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ കാണപ്പെട്ട ഒരു പോസ്റ്റിനുതാഴെ സഹായമഭ്യര്‍ഥിച്ച് ഫോണ്‍ നമ്പര്‍സ ഹിതം പ്രതികരിച്ച സ്ത്രീയെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്. ഈ നമ്പറില്‍ ബന്ധപ്പെട്ട റഫീഖ് മൗലവി താന്‍ സിദ്ധനാണെന്നും പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുതരാമെന്നും സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. അബ്ദുള്‍ റഫീഖ് തങ്ങള്‍ എന്ന വ്യാജപേരിലായിരുന്നു തട്ടിപ്പ്. ഫെബ്രുവരി ആദ്യമായിരുന്നു തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്നും ഫോണിലൂടെ ഇവരുമായി സംസാരിച്ച ഇയാള്‍ വീടിനകത്ത് നിധിയുണ്ടെന്നും അതുകിട്ടുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും പറഞ്ഞു. മന്ത്രങ്ങളോടുകൂടിയ ചില ക്രിയാകര്‍മങ്ങള്‍ ചെയ്താല്‍ വീടിനുള്ളിലെ നിധി പൊങ്ങിവരുമെന്നും ഇതിനായി വീട്ടിലുള്ള സ്വര്‍ണാഭരണങ്ങള്‍ ഏഴുദിവസത്തേക്ക് മാറ്റിവെക്കണമെന്നും താന്‍ പറഞ്ഞുവിടുന്ന ആളുടെ വശം കൊടുത്തുവിടണമെന്നും ഫോണില്‍ പറഞ്ഞു.തുടർന്ന് മാര്‍ച്ച് ഒന്നിന് നെല്ലായയില്‍ വീട്ടിനടുത്ത് കാത്തുനിന്നയാളുടെ പക്കല്‍ സ്ത്രീ തന്റെ എട്ടുപവന്‍ വരുന്ന ആഭരണങ്ങള്‍ കൈമാറി. തുടര്‍ന്ന്, രണ്ടാഴ്ചയോളം ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും നിധി ലഭിക്കാതെ വന്നതോടെ ഇവര്‍ സ്വര്‍ണം തിരികെവേണമെന്നാവശ്യപ്പെട്ടു. മാര്‍ച്ച് 21-ന് റഫീഖ് മൗലവിയുടെ ഫോണ്‍ സ്വിച്ച്ഓഫായി.തുടര്‍ന്നാണ്, തട്ടിപ്പിനിരയായെന്ന കാര്യം വീട്ടുകാരെ അറിയിച്ചതും ചെര്‍പ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കിയതും.  

Related Topics

Share this story