രണ്ട് കിലോ കഞ്ചാവുമായി ഇടപ്പള്ളി സ്വദേശി പിടിയിൽ

കൊച്ചി: രണ്ട് കിലോ കഞ്ചാവുമായി ഇടപ്പള്ളി സ്വദേശി പിടിയിൽ. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇടപ്പള്ളി നോർത്ത് സൊസൈറ്റിപ്പടി ആനൊട്ടിപറമ്പിൽ വീട്ടിൽ സലിമിനെയാണ് (45) പിടികൂടിയത്. ചേരാനല്ലൂർ തട്ടാംപടി ഭാഗത്ത് വെച്ചാണ് പ്രതിയെ ചേരാനല്ലൂർ പൊലീസ് പിടികൂടിയത്. തമിഴ്നാട് കമ്പം ഭാഗത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് പൊതികളിലാക്കി വിൽക്കാനുള്ള പ്ലാസ്റ്റിക് കവറുകളും പണവും കണ്ടെടുത്തു. നഗരത്തിലെ കോളജ്, സ്കൂൾ വിദ്യാർഥികൾക്കാണ് ഇയാൾ കഞ്ചാവ് കൂടുതലായും വിറ്റിരുന്നത്. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ എസ്. ശശിധരൻ, എറണാകുളം സെൻട്രൽ അസി. കമീഷണർ സി. ജയകുമാർ എന്നിവരുടെ നിർദേശാനുസരണം ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ. ബ്രിജുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് നസീർ, സിഘോഷ്, പ്രശാന്ത്, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.