തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. മസാല ബോണ്ടിന് പിന്നിൽ ധാരാളം ദുരൂഹതകളുണ്ടെന്നും, എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ.ഡി. നോട്ടീസ് അയക്കുന്നത് ബി.ജെ.പി.ക്ക് വേണ്ടി സി.പി.എം. നേതൃത്വത്തെ പേടിപ്പിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.(ED notice in Masala Bond is to help BJP and scare CPM, says VD Satheesan)
മസാല ബോണ്ട് വഴി കടമെടുത്ത നടപടിയിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. യഥാർത്ഥത്തിൽ 9.732 ശതമാനം പലിശയ്ക്ക് അന്താരാഷ്ട്ര ഫിനാൻസ് മാർക്കറ്റിൽ നിന്നാണ് പണം കടമെടുത്തത്. സമീപകാലത്തെ ഏറ്റവും കൂടിയ പലിശയാണിത്. അത്രയും വലിയ പലിശയ്ക്ക് മസാല ബോണ്ടിൽ കടമെടുക്കേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ വായ്പ എടുത്തിരിക്കുന്നത്. അഞ്ചു വർഷം കൊണ്ട് മുതലും പലിശയും അടച്ചുതീർക്കണം.
എസ്.എൻ.സി. ലാവലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ (CDPQ) എന്ന കമ്പനിയിൽ നിന്നാണ് ഇത് ചെയ്തിരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രി നൽകിയ വിശദീകരണം മുഴുവൻ തെറ്റായിരുന്നു, അദ്ദേഹം ഇപ്പോൾ പറയുന്നതും തെറ്റാണെന്നും സതീശൻ ആരോപിച്ചു. "എല്ലാം കഴിഞ്ഞ് മുഖ്യമന്ത്രി ലണ്ടനിൽ ചെന്ന് മണിയടിക്കുക മാത്രമാണ് ചെയ്തത്. അത് വലിയ രീതിയിൽ കൊട്ടിഘോഷിക്കുകയും ചെയ്തു. പി.ആർ. സ്റ്റണ്ടായിരുന്നു മുഴുവൻ. ഇതിന്റെ പുറകിൽ അഴിമതിയും ഉണ്ടായിരുന്നു." കഴിഞ്ഞ മൂന്ന് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇ.ഡി. നോട്ടീസ് അയക്കുന്നത് എന്താണെന്ന കാര്യത്തിൽ തനിക്ക് ഒരു പിടിയുമില്ലെന്ന് സതീശൻ പരിഹസിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇതുപോലെ ഒരു നോട്ടീസ് വന്നത്. അത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള ഭയപ്പെടുത്തലായിരുന്നു. "ഇപ്പോൾ വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത് സി.പി.എമ്മിനേയും മുഖ്യമന്ത്രിയേയും ഒന്ന് പേടിപ്പിക്കാൻ വേണ്ടിയാണ്. കേരളത്തിൽ ബി.ജെ.പി.യെ സഹായിക്കാൻ വേണ്ടി സി.പി.എം. നേതൃത്വത്തെ പേടിപ്പിക്കുന്നതാണ് ഇത്," വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്ന ഇ.ഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് അയച്ചിരിക്കുന്നത്. ഡൽഹിയിലെ അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി ഇ.ഡി. റിപ്പോർട്ട് പരിശോധിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നാല് എതിർകക്ഷികളുടെ വാദം കേൾക്കുകയും ചെയ്യും. ഫെമ നിയമലംഘനം തെളിഞ്ഞാൽ, സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ഈടാക്കാൻ അതോറിറ്റിക്ക് അധികാരമുണ്ട്. അതോറിറ്റിയുടെ ഉത്തരവിനെ കിഫ്ബിക്ക് നിയമപരമായി ചോദ്യം ചെയ്യാം.