കൊറിയർ മുഖാന്തരം മയക്കുമരുന്ന് കടത്ത്: മുഖ്യകണ്ണികൾ പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ കൊറിയർ മുഖാന്തരം മയക്കുമരുന്നുകൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ അറസ്റ്റിൽ. കൊല്ലം വടക്കേവിള സ്വദേശികളായ അമീർഷാൻ (24), ശ്രീശിവൻ (31) എന്നിവരെയാണ് ആലപ്പുഴ മുൻസിപ്പൽ വാർഡിൽ റെയ്ബാൻ കോംപ്ലക്‌സിൽ വെച്ച് അറസ്റ്റ് ചെയ്തത്. കൊറിയർ വഴി പണമടച്ചു അതിവിദഗ്ദ്ധമായി വരുത്തിയ 10 മില്ലിലിറ്ററിന്റെ 100 മയക്കുമരുന്ന് ഇഞ്ചക്ഷൻ കുപ്പികൾ കൈപ്പറ്റി പോകുന്നതിനിടയിൽ ഇവർ എക്സൈസിന്റെ പിടിയിലാവുകയായിരുന്നു.

എക്‌സൈസ് പ്രിവന്റിവ് ഓഫീസർ വി കെ മനോജ് കുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം മഹേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എൻ പ്രസന്നൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ പി സജിമോൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീഷ് എസ്, അരുൺ എസ്, റെനി എം, ആലപ്പുഴ എക്‌സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ വർഗീസ് പയസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.