കൃഷി നാശം വിലയിരുത്താന്‍ ഡ്രോണ്‍ പരിശോധന

 കൃഷി നാശം വിലയിരുത്താന്‍ ഡ്രോണ്‍ പരിശോധന
 

ആലപ്പുഴ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച പാടശേഖരങ്ങളിലെ നഷ്ടം വിലയിരുത്തുന്നതിനായി ഡ്രോണ്‍ പരിശോധന നടത്തി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 502 ഏക്കര്‍ വരുന്ന വെട്ടിക്കരി, പൂന്തുരം തെക്ക് പാടശേഖരങ്ങളിലാണ് ജില്ലയില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്.

പഞ്ചായത്തിലെ ഏഴു പാടശേഖരങ്ങളിലായി 460 ഹെക്ടര്‍ കൃഷിഭൂമിയാണുള്ളത്. ഇവയില്‍ അഞ്ചു പാടശേഖരങ്ങളില്‍ കൃഷിയിറക്കിയിട്ടുണ്ട്. പുഞ്ച, രണ്ടാം കൃഷികളിലായി പഞ്ചായത്തില്‍ നിന്നു മാത്രം സീസണില്‍ 12 കോടി രൂപയുടെ നെല്ലാണ് കര്‍ഷകര്‍ വിപണിയില്‍ എത്തിക്കുന്നത്.

എന്നാല്‍ ഇക്കുറി കനത്ത മഴയില്‍ നെല്‍ച്ചെടികള്‍ നശിച്ചത് കര്‍ഷകര്‍ക്ക് ആഘാതമായി. 30 ശതമാനത്തോളം കൃഷി നശിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഏക്കറിന് 30,000 രൂപ വരെ ചെലവഴിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. നഷ്ടം വിലയിരുത്തി പത്ത് ദിവസത്തിനുള്ളില്‍ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കൃഷി ഓഫീസര്‍ പറഞ്ഞു.

എച്ച്. സലാം എം.എല്‍.എ. പരിശോധന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.ജി സൈറസ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജൂലി ലൂക്ക്, കൃഷി ഓഫീസര്‍ ബി. ജഗന്നാഥ്, പാടശേഖര സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share this story