ഡിപിസി യോഗം; ജില്ലയിൽ 100 ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് അംഗീകാരമായി

തൃശൂർ: ജില്ലയിൽ 100 ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. 85 ഗ്രാമപഞ്ചായത്തുകൾ, പത്ത് ബ്ലോക്ക് പഞ്ചായത്തുകൾ, അഞ്ച് മുൻസിപ്പാലിറ്റികൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്.
2023-24 വാർഷിക പദ്ധതിയിൽ സമർപ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി അവതരിപ്പിക്കുകയും അവയ്ക്ക് അംഗീകാരം നൽകുകയും ചെയ്തു. അമൃത് പദ്ധതി ഒന്നിൽ ഉൾപ്പെട്ട തൃശ്ശൂർ കോർപ്പറേഷന്റെയും ഗുരുവായൂർ നഗരസഭയുടെയും കരട് മാസ്റ്റർ പ്ലാൻ യോഗത്തിൽ അവതരിപ്പിച്ചു.

ഹെൽത്ത് ഗ്രാന്റുമായി ബന്ധപ്പെട്ട റിവ്യൂ മീറ്റിംഗ് ഈ മാസം 25 ന് ചേരാനും യോഗത്തിൽ തീരുമാനമായി. ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ മായ, എ.ഡി.എം ടി. മുരളി, സർക്കാർ നോമിനി ഡോ. എം.എൻ സുധാകരൻ, ജില്ലാ ആസൂത്രണ ഫെസിലിറ്റേറ്റർ അനൂപ് കിഷോർ, ഡി.പി.സി മെമ്പർമാർ, പഞ്ചായത്ത് പ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.